ചെന്നൈ: തമിഴ്നാട്ടില്‍ നിന്നും 37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഷണം പോയ വിഗ്രഹം തിരിച്ചെത്തിച്ചു. തിരുനെല്‍വേലി ജില്ലയിലെ കല്ലിടക്കുറുച്ചി ക്ഷേത്രത്തില്‍ നിന്നും മോഷണം പോയ നടരാജ വിഗ്രഹമാണ് തിരിച്ചെത്തിച്ചത്. വിഗ്രഹ മോഷണക്കേസുകള്‍ അന്വേഷിക്കുന്ന എജി പൊന്മാണിക്കവേലും സംഘവുമാണ് വിഗ്രഹം കണ്ടെത്തിയത്. ആസ്ട്രേലിയയിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന വിഗ്രഹം ബുധനാഴ്ചയാണ് അധികൃതര്‍ പൊന്മാണിക്കവേലിന് കൈമാറിയത്.
ആസ്ട്രേലിയയില്‍ നിന്നും വിമാന മാര്‍ഗ്ഗം എത്തിച്ച വിഗ്രഹം തിരുനെല്‍വേലിയിലേക്ക് ട്രെയിന്‍ മാര്‍ഗ്ഗം കൊണ്ടുവരികയായിരുന്നു. ക്ഷേത്രത്തിലെ മേല്‍ശാന്തി ശിവാചാരിയാസ് റെയില്‍വേ സ്റ്റേഷനില്‍ എത്തി വിഗ്രഹം ഏറ്റുവാങ്ങി. തുടര്‍ന്ന് വിഗ്രഹ മോഷണക്കേസുകള്ക്കായുള്ള പ്രത്യേക കോടതിയില്‍ വിഗ്രഹം ഹാജരാക്കി. നിയമനടപടികള്‍ക്ക് ശേഷം വിഗ്രഹം ക്ഷേത്രത്തിന് കൈമാറി
നടരാജ വിഗ്രഹം ആസ്ട്രേലിയയിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ നിന്നും വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് വിഗ്രഹം വിട്ട് കിട്ടാന്‍ നിരവധി തവണ ആസ്ട്രേലിയന്‍ അധികൃതരുമായി ബന്ധപ്പെട്ടെന്ന് പൊന്‍മാണിക്കവേല്‍ പറഞ്ഞു. വിഗ്രഹങ്ങള്‍ കാഴ്ച വസ്തുവല്ലെന്നും അത് ആരാധിക്കാനുള്ളതാണെന്നും ബോധിപ്പിച്ചു . അതിന് ശേഷമാണ് അധികൃതര്‍ വിഗ്രഹം വിട്ട് നല്‍കിയതെന്ന് മാണിക്കവേല്‍ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നും മോഷ്ടിച്ച് കടത്തിയ നിരവധി വിഗ്രഹങ്ങള്‍ സിംഗപ്പൂര്‍, ആസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളില്‍ ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് തന്നെ കാണാതായ എല്ലാ വിഗ്രഹങ്ങളും തിരിച്ച് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
1982 ജൂലൈ അഞ്ചിനാണ് നടരാജ വിഗ്രഹം മോഷണം പോയത്. നടരാജ വിഗ്രഹത്തിനൊപ്പം മറ്റ് മൂന്ന് ചെറു വിഗ്രഹങ്ങള്‍ക്കൂടി മോഷണം പോയിരുന്നു. നടരാജ വിഗ്രഹത്തിന് 600 വര്‍ഷത്തെ പഴക്കവും 100 കിലോ ഗ്രാം ഭാരവുമുണ്ട്. പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസന്വേഷണം ആരംഭിച്ചിരുന്നെങ്കിലും തെളിവുകള്‍ ഒന്നും തന്നെ കണ്ടെത്താനായില്ല. തുടര്‍ന്ന് രണ്ട് വര്‍ഷത്തിന് ശേഷം പോലീസ് കേസന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കോടതി കേസ് പൊന്‍ മാണിക്കവേലിന് കൈമാറുകയായിരുന്നു
സര്‍വ്വീസില്‍ നിന്ന് വിരമിക്കാന്‍ ഏതാനും നാളുകള്‍ അവശേഷിക്കെയാണ് മാണിക്കവേലിനെ മദ്രാസ് ഹൈക്കോടതി അന്വേഷണസംഘ തലവനായി നിയമിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നും മോഷണം പോയ എല്ലാ വിഗ്രഹമോഷണ കേസുകളുടെയും അന്വേഷണ ചുമതല മാണിക്കവേലിനും സംഘത്തിനുമാണ്. ഇത് വരെ തമിഴ്നാട്ടില്‍ നിന്നും മോഷണം പോയ നിരവധി വിഗ്രഹങ്ങളാണ് അദ്ദേഹം കണ്ടെത്തി തിരിച്ചെത്തിച്ചത്