ന്യൂഡല്‍ഹി : വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ യമുനാ നദിയില്‍ കുളിക്കാനിറങ്ങിയ നാല് പേരെ കാണാതായി. നംഗ്ലോയി നിഹാല്‍ വിഹാറില്‍ ഉമേഷ് യാദവ്(20), പ്രിയങ്ക(20), പിങ്കി(21), നിഖി(21) എന്നിവരെയാണ് കാണാതായത് . ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഇവരുടെ കൂടെയുള്ള നാല് പേര് രക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം രാത്രി ഒന്‍പതു മണിയോടെയായിരുന്നു സംഭവം. വിനായക ചതുര്‍ത്ഥി ആഘോഷത്തിന്റെ ഭാഗമായി യമുനാ നദിയില്‍ കുളിക്കാന്‍ എത്തിയതായിരുന്നു എട്ടംഗ സംഘം. രാത്രി ഒഴുക്ക് ശക്തമായതിനാല്‍ ഇവര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. നാല് പേര് നീന്തി കരയില്‍ എത്തി. ഇവരാണ് ബാക്കിയുള്ളവരെ കാണാനില്ലെന്ന വിവരം പോലീസിനെ അറിയിച്ചത്.
ഉത്സവ കാലമായതിനാല്‍ അപകട സാധ്യത കണക്കിലെടുത്ത് നദിയില്‍ അപായ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. സൂചന ബോര്‍ഡുകള്‍ക്ക് അപ്പുറത്തായി ഇവര്‍ കുളിക്കാനിറങ്ങിയതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. സ്ഥലത്ത് ഫയര്‍ഫോഴ്സും പോലീസും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്.