ദുബായ്: സൗദിയിലെ ഏറ്റവും വലിയ എണ്ണ ഉത്പാദന കേന്ദ്രങ്ങളായ അരാംകോയില്‍ നടന്ന ഡ്രോണ്‍ ആക്രമണം എണ്ണ ഉത്പാദനത്തെ സാരമായി ബാധിച്ചെന്ന് റിപ്പോര്‍ട്ട്. സൗദിയുടെ ആകെ എണ്ണ ഉത്പാദനത്തിന്റെ പകുതി കുറയുമെന്നാണ് പുറത്ത് വരുന്ന വിവരം. ഡ്രോണ്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം നേരത്തെ ഹൂതികള്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍, ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് ആരോപിച്ച് അമേരിക്ക രംഗത്തെത്തി.
ആക്രമണം നടന്ന സൗദിയിലെ അരാംകോയുടെ അബ്ഖെയ്ഖിലെയും ഖുറൈസിലേയും കേന്ദ്രങ്ങളില്‍ എണ്ണ ഉല്പാദനം നിര്‍ത്തിവെച്ചെന്ന് സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്മാന് രാജകുമാരന് അറയിച്ചു. ഇതോടെ പ്രതിദിനം 57 ലക്ഷം ബാരല്‍ എണ്ണയാണ് നഷ്ടമാകുന്നതെന്ന് മന്ത്രി അറിയിച്ചു.
പ്രതിസന്ധി രൂക്ഷമായാല്‍ എണ്ണ വില വര്‍ദ്ധിക്കുമെന്നാണ് സൂചന. എണ്ണ പ്രതിസന്ധി രൂക്ഷമായാല്‍ കരുതല്‍ ശേഖരം ഉപയോഗിക്കാനുള്ള നടപടി അമേരിക്ക ആരംഭിച്ചു. ആക്രമണത്തില്‍ തകര്‍ന്ന അരാംകോ കേന്ദ്രങ്ങളില്‍ പുനരുദ്ധാരണ നടപടികള്‍ ഊര്‍ജിതമായി തുടരുകയാണെന്ന് മന്ത്രി അറിയിച്ചു.
ആക്രമണത്തില്‍ പിന്നില്‍ ഇറാനാണെന്ന് ആരോപിച്ച അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോ ഇറാനെതിരെ തെളിവുകള്‍ ഉണ്ടെന്നും വ്യക്തമാക്കി. ഗള്‍ഫ് മേഖലയിലെ സംഘര്‍ഷ സ്ഥിതിക്ക് അയവു വരുത്താന്‍ ശ്രമിച്ചപ്പോഴും തടസം നിന്നത് ഇറാനാണെന്നും അമേരിക്ക കുറ്റപ്പെടുത്തി.
അതേസമയം സൗദിക്ക് എതു തരത്തിലുള്ള പിന്തുണയും നല്‍കുമെന്ന് ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍ ആക്രമണങ്ങളെ ഒറ്റയ്ക്ക് നേരിടാന്‍ സൗദിക്ക് കഴിയുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് ട്രംപിനോട് അറിയിച്ചു.