വിശാഖപട്ടണം: തെളിഞ്ഞ ആകാശത്തെ സാക്ഷിയാക്കി മായങ്കിന്റെ ഇരട്ട സെഞ്ച്വറി മികവില്‍ ഇന്ത്യയ്‌ക്ക് കൂറ്റന്‍ സ്‌കോര്‍. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക പതറുകയാണ്.(സ്‌കോര്‍. ഇന്ത്യ 7 ന് 502 ഡിക്ലയേര്‍ഡ്.മൂന്നാം ദിനത്തില്‍ ഉച്ചഭക്ഷണ സമയത്ത് ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 4ന് 153 ന് ബാറ്റിംഗ് തുടരുകയാണ്.) എല്ഗര്‍ 76,ഡ്യൂപ്ലസിസ് 48 എന്നിവരാണ് ക്രീസിലുള്ളത്.ഇന്ത്യക്കായി അശ്വിന്‍ 2 വിക്കറ്റും ജഡേജയും ഇഷാന്തും ഓരോ വിക്കറ്റും വീഴ്‌ത്തി.
ഇന്ത്യന്‍ ബാറ്റിംഗിന് ടെസ്റ്റില്‍ സമീപകാലത്ത് കിട്ടിയ ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത് 317 റണ്‍സിന്റെ കൂട്ടുകെട്ടായിരുന്നു. ഇന്ത്യക്കായി ഓപ്പണര്‍മാര്‍ നേടുന്ന മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് രോഹിത്-മായങ്ക് സഖ്യം നേടിയത്. ആദ്യദിനത്തില്‍ രോഹിതിന്റെ ബാറ്റിംഗ് വിരുന്നില്‍ ആര്‍ത്തിരമ്പിയ കാണികളെ മായങ്ക് അഗര്‍വാളിന്റെ ഇരട്ട സെഞ്ച്വറി ആവേശത്തേരിലേറ്റി.രോഹിത് 244 പന്തില്‍ 176ന് പുറത്തായശേഷം മായങ്ക് 371 പന്തുകളെ നേരിട്ടാണ് 215 റണ്‍സ് നേടിചരിത്രനേട്ടം കൊയ്തത്. മധ്യനിരയും വാലറ്റവും തിളങ്ങാതെ പോയ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 7ന് 502 ന് ഡിക്ലയര്‍ ചെയ്തു.

മുന്‍നിരയുടെ അത്യുജ്ജ്വല ബാറ്റിംഗിന്റെ സകലപേരും കളഞ്ഞുകുളിച്ചുകൊണ്ട് കോഹ്‌ലിയടക്കം പരാജയപ്പെടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.പൂജാര(6) കോഹ്‌ലി(20), രഹാനെ(15) വിന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ താരം ഹനുമാ വിഹാരി(10) എന്നിവര്‍ 30 ഓവറിനിടയില്‍ മടങ്ങിയത് കളിയുടെ നിറംകെടുത്തി. ഇതിനിടെ സ്‌കോര്‍ ചലിപ്പിച്ചുകൊണ്ട് രവീന്ദ്ര ജഡേജ(30) പന്തിന് പകരമായി ടീമിലെത്തിയ കീപ്പര്‍ ബാറ്റസ്മാന്‍ വൃദ്ധിമാന്‍ സാഹ(21) എന്നിവര്‍ സ്‌കോര്‍ 502 എന്ന ശക്തമായ നിലയിലേക്ക് എത്തിച്ചു.
മറുപടിബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക സ്പിന്നിന് അനുകൂലമായ പിച്ചില്‍ താളം തെറ്റി. റണ്‍സ് 14 എത്തവേ ഓപ്പണര്‍ മര്‍ക്കറാമിനെ(5) അശ്വിന്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. തുടര്‍ന്ന് ബ്രൂയിന്‍(4) പൂഡിറ്റ്(0) ബാവൂമാ(18) എന്നിവരാണ് ഒന്നിനുപിന്നാലെഒന്നായി കൂടാരം കയറിയത്. ഓപ്പണര്‍ എല്ഗര്‍ 141 പന്തിനെ നേരിട്ട് ശ്രദ്ധയോടെയാണ് 76 റണ്‍സില്‍ നില്‍ക്കുന്നത്.48 റണ്‍സുമായി ഡ്യൂപ്ലിസുമൊത്ത് ഇതുവരെ 90 റണ്‌സിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ഉണ്ടാക്കിരിക്കുന്നത്.















