വിശാഖപട്ടണം: വിശാഖപട്ടണം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക പൊരുതുന്നു. ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം കളി നിർത്തുമ്പോൾ ദക്ഷിണാഫ്രിക്ക 8 വിക്കറ്റ് നഷ്ടത്തിൽ 385 റൺസ് എന്ന നിലയിലാണ്. ഓപ്പണർ ഡീന്‍ എല്‍ഗറിന്റെയും ക്വിന്റൺ ഡി കോക്കിന്റെയും സെഞ്ച്വറിയാണ് സന്ദർശകരെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. അശ്വിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്.
ഒരു ഘട്ടത്തില്‍ അഞ്ചിന് 341 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. എന്നാല്‍ ആര്‍ അശ്വിന്റെ അഞ്ചു വിക്കറ്റ് പ്രകടനം ഇന്ത്യയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. എൽഗർ 160 റൺസ് നേടിയപ്പോൾ ഡികോക്ക് 111 റൺസ് നേടി. നിലവിൽ 12 റൺസോടെ സെനുരാൻ മുത്തുസ്വാമിയും മൂന്ന് റൺസോടെ കേശവ് മഹാരാജുമാണ് ക്രീസിലുള്ളത്.
നേരത്തേ ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാളിന്റെ ഇരട്ട സെഞ്ച്വറിയും രോഹിത് ശര്‍മ്മയുടെ സെഞ്ച്വറി പ്രകടനവുമാണ് ഇന്ത്യക്ക് വമ്പൻ സ്കോർ സമ്മാനിച്ചത്. രോഹിത് 176 റൺസെടുത്ത് പുറത്തായപ്പോൾ മായങ്ക് 215 റൺസെടുത്തു.















