പൂനെ: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യക്ക് മേല്‍ക്കൈ. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സെടുത്തിട്ടുണ്ട്. ആദ്യ ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി കുറിച്ച ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ രണ്ടാം ടെസ്റ്റിലും ഫോം തുടര്‍ന്നതാണ് ഇന്ത്യക്ക് ആദ്യ ദിനം മികച്ച സ്കോര്‍ സമ്മാനിച്ചത്.
ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും സെഞ്ച്വറി കുറിച്ച ഓപ്പണര്‍ രോഹിത് ശര്‍മ്മ(14)യുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. തുടര്‍ന്ന് ക്രീസില്‍ ഒരുമിച്ച അഗര്‍വാള്‍-പൂജാര സഖ്യം ഇന്ത്യന്‍ ഇന്നിംഗ്സ് കെട്ടിപ്പടുത്തു. ഇരുവരും ചേര്‍ന്ന് 138 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇതിനിടയില്‍ പൂജാര അര്‍ദ്ധ സെഞ്ച്വറി പിന്നിട്ടിരുന്നു. 112 പന്തുകള്‍ നേരിട്ട പൂജാര 58 റണ്‍സ് നേടിയ ശേഷമാണ് മടങ്ങിയത്.
പൂജാരക്ക് പിന്നാലെ ക്രീസിലെത്തിയ നായകന് വിരാട് കോഹ്ലിയും ഫോമിലേക്കുയര്‍ന്നതോടെ ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാര്‍ വിയര്‍ത്തു. രണ്ടാം ടെസ്റ്റിലും സെഞ്ച്വറി കുറിച്ച മായങ്ക് അഗര്‍വാള്‍ 195 പന്തുകളില്‍ 16 ബൗണ്ടറികളും 2 സിക്സറുകളും സഹിതം 108 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കക്കായി കാഗിസോ റബാഡയാണ് മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത്. ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ 63 റണ്‍സുമായി കോഹ്ലിയും 17 റണ്‍സുമായി അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍.