ന്യൂഡല്‍ഹി: ഫ്രാന്‍സ് സന്ദര്‍ശനം പൂര്‍ത്തിയാക്കി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഡല്‍ഹിയില്‍ തിരിച്ചെത്തി. 7 റഫേല്‍ യുദ്ധവിമാനങ്ങള്‍ അടുത്ത വര്‍ഷം മാര്‍ച്ചിലോ ഏപ്രിലിലോ ഇന്ത്യയിലെത്തുമെന്ന് അദ്ദേഹം അറിയിച്ചു. ആദ്യ റഫേല്‍ യുദ്ധവിമാനം ഔദ്യോഗികമായി സ്വീകരിക്കാനാണ് രാജ്നാഥ് സിംഗ് ഫ്രാന്സിലെത്തിയിരുന്നത്.
ഫ്രാന്‍സിലെത്തിയ ശേഷം റഫേലില്‍ സഞ്ചരിച്ചതിന്റെ അനുഭവങ്ങളും അദ്ദേഹം മാദ്ധ്യമങ്ങളുമായി പങ്കുവെച്ചു. റഫേല്‍ വിമാനങ്ങള്‍ക്ക് മണിക്കൂറില്‍ 1800 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുമെന്നും 1300 കിലോ മീറ്റര്‍ വേഗതയില്‍ താന്‍ റഫേലില്‍ സഞ്ചരിച്ചതായും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമാണ് റഫേല്‍ സ്വന്തമാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം റഫേല്‍ യുദ്ധവിമാനങ്ങളുടെ എന്ജിന് നിര്‍മ്മാണ കമ്പനിയായ സഫ്രാന്‍ ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് പദ്ധതിയിട്ടിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഏകദേശം 15 കോടി ഡോളറിന്റെ നിക്ഷേപമാണ് നടത്തുകയെന്നും പ്രതിരോധമന്ത്രി സഫ്രാന്റെ വില്ലാറോഷിലുള്ള പ്ലാന്റ് സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നതെന്നുമാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.