ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ യാത്രികരുടെ ബാഗില്‍ നിന്നും ഉരഗ വര്‍ഗത്തില്‍പ്പെട്ട ജീവികളെ പിടികൂടി. കസ്റ്റംസ് അധികൃതരാണ് യാത്രക്കാരുടെ ബാഗില്‍ നിന്നും വിവിധ ഇനം പാമ്പുകളെയും ഉടുമ്പിനെയും കണ്ടെത്തിയത്. മലേഷ്യല്‍ നിന്നും വന്യജീവികളെ കടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ജീവികളെ പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശികളായ മുഹമ്മദ് പര്‍വേസ്, മുഹമ്മദ് അക്ബര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ബാഗിനകത്ത് കളിപ്പാട്ടങ്ങള്‍ക്കുള്ളില്‍ തുണി സഞ്ചിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു ജീവികള്‍.
ചെന്നൈ വിമാനത്താവളത്തിന് പുറത്ത് വാങ്ങാന്‍ ആളെത്തുമെന്ന് പറഞ്ഞ് ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ വെച്ച് ഒരാള്‍ തന്നതാണ് ബാഗെന്ന് പ്രതികള്‍ മൊഴി നല്കി. എന്നാല്‍ ബാഗ് വാങ്ങാനെത്തുന്നവരെ പിടികൂടാന്‍ ഏറെ നേരം കസ്റ്റംസ് അധികൃതര്‍ കാത്തു നിന്നെങ്കിലും ആരും എത്തിയില്ല. ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തിയാണ് ഉടുമ്പുകളെയും പാമ്പുകളെയും തിരിച്ചറിഞ്ഞത്. ഇവയെ മലേഷ്യയിലേക്ക് തന്നെ തിരികെ എത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.