ന്യൂഡല്‍ഹി : ഡല്‍ഹിയിലെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി. സി ചാക്കോയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഷീലാ ദീക്ഷിത്തിന്റെ മകന് സന്ദീപ് ദീക്ഷിത് രംഗത്ത്. ഷീലാ ദീക്ഷിതിന്റെ മരണത്തിന് ഉത്തരവാദി പി.സി ചാക്കോയാണെന്ന് സന്ദീപ് ദീക്ഷിത് ആരോപിച്ചു. പി.സി ചാക്കോയ്ക്ക് സന്ദീപ് എഴുതിയ കത്തിലാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഷീലാ ദീക്ഷിതിന്റെ അനാരോഗ്യത്തിനും, മരണത്തിനും ഉത്തരവാദി ചാക്കോയാണെന്നാണ് കത്തില്‍ പറയുന്നത്. അതേസമയം കത്തിനെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ സന്ദീപ് പുറത്തുവിട്ടിട്ടില്ല. ചാക്കോയ്ക്ക് അയച്ച കത്ത് തീര്‍ത്തും വ്യക്തിപരമാണെന്നാണ് സന്ദീപിന്റെ പ്രതികരണം.
സന്ദീപ് അയച്ച കത്തിന്റെ പകര്‍പ്പ് ചാക്കോ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് അയച്ചിട്ടുണ്ടെന്നും, കത്തിലെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെുടുത്താന് താന്‍ ആഗ്രഹിക്കുന്നില്ലെന്നും ചാക്കോ വ്യക്തമാക്കി.
അതേസമയം സന്ദീപ് കത്ത് അയച്ചതായി മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയ ചാക്കോയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ചാക്കോയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കണമെന്ന് മംഗാത് രാം സിംഗാള്‍, കിരണ്‍ വാലിയ. രമാകാന്ത് ഗോസ്വാമി, ജിതേന്ദര്‍ കൊച്ചാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഷീലാ ദീക്ഷിതിന്റെ മരണ സമയത്ത് പി. സി ചാക്കോയുമായി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. അസുഖത്തെക്കുറിച്ച് ചാക്കോ നടത്തിയ പ്രസ്താവനകള്‍ ഷീലാ ദീക്ഷിതിന് മനോവിഷമം ഉണ്ടാക്കിയിരുന്നു.