ന്യൂഡല്‍ഹി: കര്‍ത്താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം നവംബര്‍ 8 ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിക്കും. കേന്ദ്രമന്ത്രി ഹര്‍സിംറത്ത് കൗര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഉദ്ഘാടനത്തിന് ശേഷം സുല്‍ത്താന്‍പൂര്‍ ലോധിയില് അദ്ദേഹം പ്രണാമം അര്‍പ്പിക്കുമെന്നും ഹര്‍സിംറത്ത് കൗര്‍ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
സിഖ് മതവിശ്വാസികളുടെ വിശുദ്ധ പ്രദേശമാണ് കര്‍ത്താര്‍പൂര്‍ ഗുരുദ്വാര. പഞ്ചാബിലെ ഗുര്‍ദാസ്പുരിലെ ഗുരുനാനാക്ക് ദേരയെ പാകിസ്ഥാനിലെ കര്‍ത്താപൂര്‍ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്നതാണ് കര്‍ത്താപൂര്‍ ഇടനാഴി. സിഖ് ഗുരു ബാബ നാനാക്കിന്റെ 550-ാം ജന്മവാര്‍ഷികമായ നവംബര്‍ 9 ന് കര്‍ത്താപൂര്‍ ഇടനാഴി ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്കായി തുറന്നു നല്‍കുമെന്ന് പാകിസ്ഥാന് പ്രഖ്യാപിച്ചിരുന്നു.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നാലു കിലോമീറ്റര്‍ നീളമുള്ളതാണ് കര്‍ത്താര്‍പൂര്‍ ഇടനാഴി. ഈ ഇടനാഴിയിലൂടെ ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് വിസയില്ലാതെ ഗുരുദ്വാരയിലേക്ക് പോകാന്‍ കഴിയും . സിഖ് മതസ്ഥാപകനായ ഗുരു നാനാക്ക് 18 വര്‍ഷത്തോളം ജീവിച്ച സ്ഥലമാണ് സാഹിബ് ഗുരുദ്വാര.