പൂനെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റൻ ജയം. ഇന്നിംഗ്സിനും 137 റൺസിനുമാണ് ഇന്ത്യ ജയിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ ഫോളോ ഓൺ ചെയ്ത ദക്ഷിണാഫ്രിക്ക നാലാം ദിനം 189 റൺസെടുക്കുന്നതിനിടെ കൂടാരം കയറി. ഇതോടെയാണ് ഒന്നരദിവസം ബാക്കി നിൽക്കെ ഇന്ത്യ വൻ ജയം സ്വന്തമാക്കിയത്. നാട്ടിൽ തുടർച്ചയായ പതിനൊന്നാം ടെസ്റ്റ് പരമ്പര ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സ്വന്തം മണ്ണിൽ ഏറ്റവുമധികം പരമ്പര ജയം തുടർച്ചയായി നേടുന്ന ടീമെന്ന റെക്കോർഡും ഇതോടെ ഇന്ത്യ സ്വന്തമാക്കി.
ഇന്ത്യ ഉയർത്തിയ 601 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്സിൽ 275 റൺസിന് പുറത്താകുകയായിരുന്നു. 326 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യ തുടർന്ന് ദക്ഷിണാഫ്രിക്കയെ വീണ്ടും ബാറ്റിംഗിനയക്കുകയായിരുന്നു. 48 റൺസെടുത്ത എൽഗറും 38 റൺസെടുത്ത ബാവുമയും 37 റൺസെടുത്ത ഫിലാൻഡറും മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ അൽപ്പമെങ്കിലും പൊരുതിയത്.
രവീന്ദ്ര ജഡേജയും ഉമേഷ് യാദവും മൂന്ന് വീതം വിക്കറ്റുകൾ നേടിയപ്പോൾ അശ്വിൻ രണ്ടും ഇഷാന്ത് ശർമ്മയും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റുകളും നേടി.
നേരത്തെ നായകൻ വിരാട് കോഹ് ലിയുടെ ഇരട്ട സെഞ്ച്വറി പ്രകടനത്തോടെയാണ് ഇന്ത്യ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. തുടർച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ച്വറി നേടിയ ഓപ്പണർ മായങ്ക് അഗർവാളും അർദ്ധ സെഞ്ച്വറിയുമായി ജഡേജയും രഹാനെയും പൂജാരയും നായകന് മികച്ച പിന്തുണ നൽകി. വിരാട് കോഹ് ലിയാണ് കളിയിലെ താരം.
ജയത്തോടെ മൂന്ന് ടെസ്റ്റുകളുള്ള പരമ്പര ഇന്ത്യ 2-0 ന് സ്വന്തമാക്കി.















