വാര്ദ്ദാക്(അഫ്ഗാന്): അഫ്ഗാനില്‍ താലിബാന് ഭീകരന്മാര് ഗവര്‍ണറെ സ്ഫോടനത്തില്‍ വധിച്ചു. ജഗാത്തു ജില്ലാഭരണാധികാരിയായ റാസ് മുഹമ്മദ് വസീരിയെയാണ് വധിച്ചത്. ഔദ്യോഗിക വാഹനത്തില്‍ ഇരിക്കവെയാണ് വാര്‍ദാക് മേഖലയില്‍ വച്ച് സ്ഫോടനമുണ്ടായത്.
അമേരിക്കയുടെ നേതൃത്വത്തിലുള്ള സമാധാനസേനാ പിന്മാറ്റവും ചര്‍ച്ചയും പരാജയപ്പെട്ടശേഷം താലിബാന് നടത്തുന്ന പ്രധാന ആക്രമണങ്ങളിലൊന്നാണ് ഇന്നലെ നടന്നത്. അഫ്ഗാന് ഭരണകൂടം സുപ്രധാനപ്പെട്ട 12 ജില്ലകളുടെ നിയന്ത്രണം ഏറ്റെടുത്തു എന്ന പ്രഖ്യാപനത്തിന് പുറകേയാണ് വസീരിയെ വധിച്ചത്.
അഞ്ച് മേഖലകളിലെ 12 ജില്ലകളുടെ നിയന്ത്രണം കയ്യിലാണെന്ന അവകാശവാദമാണ് അഫ്ഗാന് ഭരണകൂടം മുന്നോട്ടുവെച്ചിരുന്നത്. അതനുസരിച്ച് ഗസ്നി,ബാദാക്ഷാന്,കുന്ന്ദസ്,തഖാര്‍,ഫര്യാബ് മേഖലകളിലെ 12 ജില്ലകളും പൂര്‍ണ്ണമായും താലിബാന് ഭീകരതയില്‍ നിന്ന് മുക്തമായെന്നാണ് ഭരണകൂടം പ്രസ്താവിച്ചത്.