ഉലന്‍ ഉദെ: വനിതാ ബോക്‌സിങ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷയായ മഞ്ജു റാണിക്ക് ഫൈനലില്‍ പരാജയം. റഷ്യയുടെ ഏകതെരീന പാല്‍ചേവയാണ് ഫൈനലില്‍ മഞ്ജുവിനെ പരാജയപ്പെടുത്തിയത്. ഇതോടെ അരങ്ങേറ്റ മത്സരത്തില്‍ മഞ്ജുവിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ഈ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് മഞ്ജു റാണി. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ മുന്‍ ലോകചാമ്പ്യന്‍ തായ്‌ലന്‍ഡിന്റെ ചുതാമത് രക്‌സാതിനെ തോല്‍പ്പിച്ചാണ് മഞ്ജു ഫൈനലില്‍ കടന്നത്. പതിനെട്ടു വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഒരു ബോക്‌സിങ് വനിതാ താരം അരങ്ങേറ്റത്തില്‍ തന്നെ ലോകചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തിയത്.
മുന്‍ ലോക ചാമ്പ്യന്‍ മേരികോമിന് കഴിഞ്ഞ ദിവസം വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. തുര്‍ക്കിയുടെ ബുസാനെസ് സാകിരോകൊളുവിനോടാണ് സെമിയില്‍ മേരികോം പരാജയപ്പെട്ടത്. മേരിയുടെ പരാജയത്തില്‍ റഫറിയുടെ തീരുമാനത്തിനെതിരെ ഇന്ത്യ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും ടെക്‌നിക്കല്‍ കമ്മറ്റി തള്ളിയിരുന്നു.















