മുംബൈ: ഒരു ഇടവേളക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ വീണ്ടുമൊരു സൗരവ് യുഗത്തിന് തുടക്കമാകുന്നു. മുന്‍ ഇന്ത്യന്‍ നായകനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റുമായ സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നയാള്‍ ബിസിസിഐ തലപ്പത്തേക്ക് എത്തുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ 91 വര്‍ഷം നീണ്ട ചരിത്രമാണ് തിരുത്തിയെഴുതപ്പെട്ടത്.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ യുവാക്കളെ വളര്‍ത്തിക്കൊണ്ടു വരുന്നതിന് മുന്‍ഗണന നല്‍കുമെന്നും ആഭ്യന്തര ക്രിക്കറ്റിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈയില്‍ ഞായറാഴ്ച രാത്രി അഞ്ചു മണിക്കൂര്‍ നീണ്ടു നിന്ന ബിസിസിഐ യോഗത്തിനൊടുവിലാണ് ഗാംഗുലിയെ പ്രസിഡന്റായി തെരഞ്ഞെടുക്കാന്‍ തീരുമാനമായത്. കേന്ദ്ര സഹമന്ത്രി അനുരാഗ് താക്കൂര്‍ ആയിരുന്നു ഗാംഗുലിയുടെ പേര് നിര്‍ദ്ദേശിച്ചത്.
മുന്‍ ക്രിക്കറ്റ് താരം ബ്രിജേഷ് പട്ടേല്‍ ലക്ഷ്യം വെച്ചിരുന്ന പ്രസിഡന്റ് സ്ഥാനം അപ്രതീക്ഷിതമായാണ് ഗാംഗുലിയിലേക്കെത്തിയത്. എന്‍.ശ്രീനിവാസന്റെ പിന്തുണയുള്ള ബ്രിജേഷ് പട്ടേല്‍ അധ്യക്ഷനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ശ്രീനിവാസന്റെ ലോബിക്കെതിരെ പല സംസ്ഥാന ക്രിക്കറ്റ് ബോര്‍ഡുകളും ശക്തമായ എതിര്‍പ്പ് അറിയിച്ചതോടെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാംഗുലിയെ പരിഗണിച്ചത്. സമവായ സ്ഥാനാര്‍ഥിയായാണ് ഗാംഗുലിയുടെ പേര് ഉയര്‍ന്നുവന്നത്.
ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് ദാദ എത്തുന്നതോടെ ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയൊരു അദ്ധ്യായത്തിന് തുടക്കമാകുമെന്ന് ഉറപ്പാണ്. കാരണം ഒരു കാലത്ത് ഒത്തുകളി വിവാദങ്ങളിലും കോഴ ആരോപണങ്ങളിലും മുങ്ങിത്താണിരുന്ന ടീം ഇന്ത്യയെ ചങ്കൂറ്റത്തോടെ മുന്നില്‍ നിന്ന് നയിച്ച വീര നായകനായിരുന്നു ഗാംഗുലി. ടീമിന് ആവേശവും ആത്മവിശ്വാസവും പകര്‍ന്ന അദ്ദേഹം ബിസിസിഐയുടെ തലപ്പത്തേക്ക് എത്തുന്നതോടെ വലിയ മാറ്റങ്ങളുണ്ടാകാനാണ് സാധ്യത.
ലോര്‍ഡ്സില്‍ സെഞ്ച്വറിയോടെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഗാംഗുലി 113 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് നാല്‍പ്പതിനു മുകളില്‍ ശരാശരിയില്‍ 16 സെഞ്ച്വറികളും ഏഴായിരത്തിലധികം റണ്‍സും നേടിയിട്ടുണ്ട്. 311 ഏകദിനങ്ങളില്‍ പതിനൊന്നായിരത്തിലധികം റണ്‍സും 22 സെഞ്ച്വറികളും നേടിയ അദ്ദേഹം വിക്കറ്റ് നേട്ടത്തിലും സെഞ്ച്വറി തികച്ചിരുന്നു.