ദുബായ്: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ പുതിയ ടൂര്‍ണമെന്റുകള്‍ നടത്താന്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനിച്ചു. ക്രിക്കറ്റ് നടത്തിപ്പിലെ പവ്വര്‍ഹൗസ് എന്നറിയപ്പെടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡായ ബിസിസിഐയുടെ എതിര്‍പ്പിനെ മറികടന്നാണ് തീരുമാനം. എല്ലാ 50 ഓവര്‍ ലോകകപ്പുകള്‍ക്കിടയിലും രണ്ടു സുപ്രധാന ടൂര്‍ണ്ണമെന്റുകള്‍ നടത്തണമെന്നാണ് തീരുമാനം.
നിലവില്‍ ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഫോര്‍മാറ്റില്‍ 50 ഓവറുകളുടെ പുരുഷ വനിതാ മത്സരങ്ങളും അതിനിടയ്‌ക്ക് ടി20 പുരുഷ-വനിതാ ലോകകപ്പുകളുമാണുള്ളത്. ലോക ക്രിക്കറ്റിലെ പ്രധാന 6 രാജ്യങ്ങള്‍ പങ്കെടുക്കുന്ന തരത്തിലാണ് മത്സരക്രമം നടക്കുക എന്നാണ് ഐസിസി യോഗത്തില്‍ നിന്നുള്ള വിവരം. അതുപ്രകാരം 2023 മുതല്‍ 2031 വരെയുള്ള സീസണില്‍ പുരുഷ-വനിതാ വിഭാഗങ്ങളുടെ ഓരോ 50 ഓവര്‍ പുതിയ ടൂര്‍ണ്ണമെന്റ് നടക്കും.
എല്ലാവര്‍ഷവും ഇനി മുതല്‍ ഒരു ഐസിസി മത്സരം നടക്കും. പുരുഷ വനിതാ 50 ഓവര്‍ ലോകകപ്പ്,പുരുഷ വനിതാ ടി20 ലോകകപ്പ്,കൂടാതെ 8 വര്‍ഷത്തിനിലെ രണ്ടുതവണ വീതമുള്ള പുതിയ ടൂര്‍ണ്ണമെന്റും നടക്കും.മുന്‍പ് ഏറെ ആരാധകരെ സൃഷ്ടിച്ച ചാമ്പ്യന്‍സ് ട്രോഫി മോഡല്‍മത്സരമായിരിക്കും നടക്കുക.ഇതിനിടെ സാമ്പത്തികകാര്യങ്ങളില്‍ ഇടഞ്ഞുനില്‍ക്കുകയാണ് ബിസിസിഐ. നിലവില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ വരുമാനത്തിന്റെ 70ശതമാനവും ബിസിസിഐയാണ് ഉണ്ടാക്കുന്നത്. എന്നാല്‍ അതിനനുസരിച്ചുള്ള സാമ്പത്തിക ലാഭം നല്‍കുന്നില്ലെന്ന വാദമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉന്നയിക്കുന്നത്. പുതുതായി ചുമതല ഏറ്റെടുത്ത സൗരവ് ഗാംഗുലിയും ബിസിസിഐയ്‌ക്ക് അര്‍ഹതപ്പെട്ടത് കിട്ടണമെന്ന് സൂചിപ്പിച്ചുകഴിഞ്ഞു.















