മുംബൈ: ഒരു ഇടവേളക്ക് ശേഷം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു. അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന റോഡ് സേഫ്റ്റി വേള്‍ഡ് സീരീസിനായാണ് സച്ചിന് വീണ്ടും കളത്തിലിറങ്ങുന്നത്. സച്ചിനു പുറമെ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ബ്രയാന്‍ ലാറയും ടൂര്‍ണമെന്റിന്റെ ഭാഗമാകും.
ഫെബ്രുവരി 2 മുതല്‍ 16വരെ ഇന്ത്യയിലുടനീളം നടക്കുന്ന ടൂര്‍ണമെന്റിനായി സച്ചിന്, ലാറ എന്നിവരോടൊപ്പം വീരേന്ദര്‍ സെവാഗ്, മുന്‍ ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീ, ശ്രീലങ്കന്‍ താരം തിലകരത്നെ ദില്ഷന്, ദക്ഷിണാഫ്രിക്കയുടെ ജോണ്ടി റോഡ്സ് എന്നിവരും പങ്കെടുക്കും. ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, എന്നീ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള വിരമിച്ച ക്രിക്കറ്റ് താരങ്ങള്‍ മത്സരിക്കുന്ന വാര്‍ഷിക ട്വന്റി20 ടൂര്‍ണമെന്റാണ് റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ്.
നിലവില്‍, 46 കാരനായ സച്ചിന്റെ പേരിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡ്. 2013 ല്‍ അവസാനിച്ച 24 വര്‍ഷം നീണ്ടുനിന്ന ക്രിക്കറ്റ് കരിയറില്‍ 34,000 റണ്‍സും 100 സെഞ്ച്വറികളും അദ്ദേഹം നേടിയിട്ടുണ്ട്.
2007ല്‍ വിരമിക്കുമ്പോള്‍ ബ്രയാന്‍ ലാറയായിരുന്നു ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. എന്നാല്‍ 2008ല്‍ സച്ചിന് ഈ റെക്കോര്‍ഡും സ്വന്തം പേരില്‍ കുറിച്ചിരുന്നു. 11,953 റണ്‍സായിരുന്നു ടെസ്റ്റില്‍ ലാറയുടെ സമ്പാദ്യം. 2004ല്‍ ആന്റിഗ്വയില്‍ ഇംഗ്ലണ്ടിനെതിരെ പുറത്താകാതെ നേടിയ 400 റണ്‍സ് ഇന്നും ആരാലും തകര്‍ക്കപ്പെടാത്ത റെക്കോര്‍ഡായി തുടരുകയാണ്.