ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച് മുംബൈയുടെ കൗമാര താരം യശസ്വി ജയ്സ്വാള്‍. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി 17കാരനായ യശസ്വി മാറി.
വിജയ് ഹസാരെ സീസണില്‍ അരങ്ങേറ്റം കുറിച്ച താരം ജാര്‍ഖണ്ഡിനെതിരെ 154 പന്തില്‍ നിന്ന് 203 റണ്‍സാണ് നേടിയത്. 12 സിക്സറുകളും 17 ഫോറുകളുമാണ് യശസ്വിയുടെ ബാറ്റില്‍ നിന്ന് പിറന്നത്. ഇന്ത്യയുടെ പേസര്‍ വരുണ്‍ ആരോണ്‍, സ്പിന്നര്‍ ഷബാസ് നദീം എന്നിവരുള്‍പ്പെടെയുള്ള പരിചയ സമ്പന്നരായ ബൗളിംഗ് നിരക്കെതിരെയാണ് യശസ്വിയുടെ പ്രകടനമെന്നതാണ് ശ്രദ്ധേയം.
വിജയ് ഹസാരെ ട്രോഫിയുടെ ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ഓപ്പണറായി ഇറങ്ങി യശസ്വി ജയ്സ്വാള്‍ നടത്തിയ ബാറ്റിംഗ് വെടിക്കെട്ടിന്റെ പിന്‍ബലത്തില്‍ ജാര്‍ഖണ്ഡിനെതിരെ 359 റണ്‍സെന്ന കൂറ്റന്‍ സ്കോറാണ് മുംബൈ പടുത്തുയര്‍ത്തിയത്. ലിസ്റ്റ് എയില്‍ വെറും 4 മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള യശസ്വി ഇതിനോടകം തന്നെ രണ്ട് സെഞ്ച്വറികളും ഒരു ഇരട്ട സെഞ്ച്വറിയും സ്വന്തമാക്കിക്കഴിഞ്ഞു.
നേരത്തെ, കേരളത്തിനെതിരെ 113ഉം ഗോവക്കെതിരെ 122ഉം റണ്‍സ് നേടിയ യശസ്വി ടൂര്‍ണമെന്റില്‍ മികച്ച ഫോമിലാണ്. ഇന്ത്യക്കായി ലിസ്റ്റ് എ മത്സരങ്ങളില്‍ ഓപ്പണറായി ഇറങ്ങി ഇരട്ട സെഞ്ച്വറി നേടുന്ന ഒന്‍പതാമത്തെ താരമാണ് യശസ്വി ജയ്സ്വാള്‍. ഗോവക്കെതിരെ സഞ്ജു സാംസണ് പുറത്താകാതെ 212 റണ്‍സ് നേടി ഒരാഴ്ചയ്ക്കുള്ളിലാണ് യശസ്വിയും ഇരട്ട സെഞ്ച്വറി കുറിച്ചിരിക്കുന്നത്.