കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആറാം പതിപ്പിന് തിരശ്ശീല ഉയരാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഭാഗ്യ ചിഹ്നത്തെ അവതരിപ്പിച്ചു. 2019-2020 സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യ ചിഹ്നം കേശു എന്നു പേരിട്ടിരിക്കുന്ന കുട്ടിയാനയാണ്.ഇത്തവണ ഭാഗ്യ ചിഹ്നത്തെ കണ്ടെത്താന്‍ ആരാധകരില്‍ നിന്നും പ്രത്യേക മത്സരം സംഘടിപ്പിച്ചിരുന്നു. ക്ലബ്ബിന്റെ ആരാധകരുമായുള്ള സഹകരണവും ബന്ധവും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്.
ഭാഗ്യ ചിഹ്നത്തിനായുള്ള പുതിയ രൂപ കല്‍പ്പന കെബിഎഫ്സി ട്രൈബ്സ് പ്ലാറ്റ്ഫോമിലൂടെയാണ് ക്ഷണിച്ചത്. നിരവധി പേര് പങ്കെടുത്ത മത്സരത്തില്‍ നിന്നും തെരഞ്ഞടുത്ത 100 എന്‍ട്രികളില്‍ നിന്നാണ് കേശുവിനെ തെരഞ്ഞെടുത്തത്.തൃശ്ശൂര്‍ സ്വദേശി മൃദുല്‍ മോഹനാണ് കേശുവിന്റെ രൂപകല്‍പ്പനയ്ക്കു പിന്നില്‍. പത്തൊമ്പതുകാരനായ മൃദുല്‍ കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് കെ.ടി.എം. ഗവ. കോളേജ് വിദ്യാര്‍ത്ഥിയാണ്. കേശുവിനെ അടിസ്ഥാനമാക്കി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഒരു എക്സ്ക്ലൂസീവ് കോമിക് സ്ട്രിപ്പും അവതരിപ്പിച്ചിട്ടുണ്ട്.
കൂട്ടായ്മ, ഇടപഴകല്‍, സ്പോര്‍ട്സ്മാന്‍ഷിപ്പ് എന്നീ ആശയങ്ങളെ മുന്‍നിറുത്തിയാണ് കോമിക് സ്ട്രിപ്പ് തയ്യാറാക്കിയിട്ടുള്ളത്. മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍ കഥാകൃത്തായ സുദീപ് ധ്രുവയാണ് കോമിക് സ്ട്രിപ്പിന്റെ സൃഷ്ടാവ്. ‘ കേശു- പ്ലേ വിത്ത് മീ’ എന്നാണ് കോമിക് സ്ട്രിപ്പിന് പേരിട്ടിരിക്കുന്നത്.കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് ഭാഗ്യ ചിഹ്നമായ കേശുവിനെ കേരളാ ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ വിരേന്‍ ഡി സില്‍വ അവതരിപ്പിച്ചത്. ഇനി ബാസ്റ്റേഴ്സിന്റെ എല്ലാ ഹോം മത്സരങ്ങളിലും കാണികളെ രസിപ്പിക്കാന്‍ കേശുവുമുണ്ടാകും സ്റ്റേഡിയത്തില്‍.















