റാഞ്ചി: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് ഇന്ന്. അവസാന ടെസ്റ്റും ജയിച്ച് പരമ്പര തൂത്തുവാരലാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. എന്നാൽ ആശ്വാസ ജയം തേടിയാകും സന്ദർശകർ ഇറങ്ങുക. ജെഎസ്‌സിഎ ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്റ്റേഡിയത്തിലാണ് മത്സരം.
രോഹിത് ശര്‍മ്മയും മായങ്ക് അഗര്‍വാളും ഉള്‍പ്പെടുന്ന ഓപ്പണിംഗ് സഖ്യത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഇവരുടെ മികവിലാണ് ഇന്ത്യ ആദ്യ രണ്ട് ടെസ്റ്റിലും മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തത്. വിരാട് കോഹ്‌ലിയും മികച്ച ഫോമിലാണ്. ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഇന്ത്യക്ക് ആകെ നഷ്ടമായത് വെറും 16 വിക്കറ്റുകളാണെന്നത് ടീമിന്റെ ബാറ്റിംഗ് നിരയുടെ കരുത്താണ് വ്യക്തമാക്കുന്നത്.
ബൗളിംഗ് നിരയില്‍ മുഹമ്മദ് ഷാമിയും ഇഷാന്ത് ശര്‍മ്മയും ഫോമിലാണ്. ഒരു ഇടവേളക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ ഉമേഷ് യാദവ് രണ്ടാം ടെസ്റ്റില്‍ 22 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്‌ത്തിയിരുന്നു. സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും മികച്ച പ്രകടനമാണ് ആദ്യ രണ്ട് ടെസ്റ്റുകളിലും പുറത്തെടുത്തത്.
ആദ്യ ടെസ്റ്റില്‍ 203 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്. രണ്ടാം ടെസ്റ്റില്‍ ഒരു ഇന്നിംഗ്‌സിനും 137 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ 200 പോയിന്റോടെ ഇന്ത്യ ബഹുദൂരം മുന്നിലാണ്. നിലവില്‍ 140 പോയിന്റുമായി ന്യൂസിലന്‍ഡും ശ്രീലങ്കയുമാണ് രണ്ടാം സ്ഥാനത്ത്.















