കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം സീസണിന്റെ കിക്കോഫിന് കൊച്ചി ഒരുങ്ങി. നാളെ വൈകുന്നേരം ആറുമണിക്കാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുക. എന്നാൽ 6.45 മുതൽ മാത്രമാണ് സംപ്രേക്ഷണം ആരംഭിക്കുക. ഐഎസ്എല്ലിലെ ചിര വൈരികളായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും എടികെയും തമ്മിലാണ് ഉദ്ഘാടന മത്സരം.
ചടങ്ങിൽ അവതാരകനായെത്തുന്നത് യുവനടൻ ദുൽഖർ സൽമാനാണ്. മുഖ്യ അവതാരകന്റെ റോളിലാണ് മലയാളികളുടെ സ്വന്തം ‘ഡി ക്യു’ എത്തുന്നത്. ബോളിവുഡ് സൂപ്പര്‍ താരങ്ങളായ ടൈഗര്‍ ഷെറഫും ദിഷാ പടാനിയുമാണ് ഉദ്ഘാടന ചടങ്ങിലെ മുഖ്യ ആകർഷണം. പ്രശസ്ത ഡാന്‍സ് ഗ്രൂപ്പായ കിംഗ്സിന്റെ പ്രകടനവും ചടങ്ങിലുണ്ടാകും.
ഉദ്ഘാടന ചടങ്ങിന്റെ മാറ്റുകൂട്ടാൻ നിയുക്ത ബിസിസിഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലിയും എത്തുന്നുണ്ട്. ‘ഫേസ് ഓഫ് ഐഎസ്എൽ’ എന്ന നിലയിൽ മുഖ്യാഥിതിയായാണ് ദാദയെത്തുന്നത്. എടികെയുടെ സഹ ഉടമ കൂടിയാണ് ഗാംഗുലി. റാഞ്ചിയിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ഒഴിവാക്കിയാണ് ഗാംഗുലി ഐഎസ്എൽ ഉദ്ഘാടനത്തിനായി എത്തുന്നത്.
ഇതിന് പുറമെ വിവിധ ടീമുകളുടെ ഉടമകളും ഉദ്ഘാടന ചടങ്ങിനുണ്ടാകും. വൈകുന്നേരം നാല് മണിക്ക് സ്റ്റേഡിയം ആരാധകർക്ക് വേണ്ടി തുറന്നുകൊടുക്കും.















