റാഞ്ചി: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് വിരാട് കോഹ്‌ലി ടോസ് നേടുന്നത്. ഭാഗ്യ പരീക്ഷണത്തിന്റെ ഭാഗമായി മൂന്നാം ടെസ്റ്റില്‍ ടെംബ ബവുമയാണ് ടോസിനായെത്തിയത്. റാഞ്ചിയിലെ ജെഎസ്‌സിഎ ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്‌റ്റേഡിയത്തിലാണ് മത്സരം.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഇടംകൈയ്യന്‍ സ്പിന്നര്‍ ഷഹബാസ് നദീം ടെസ്റ്റ് മത്സരങ്ങളില്‍ അരങ്ങേറ്റം കുറിച്ചു. രഞ്ജി ട്രോഫി ചരിത്രത്തില്‍ ഒരു സീസണില്‍ തുടര്‍ച്ചയായി രണ്ട് തവണ 50 വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ താരമാണ് ഷഹബാസ്. അതേസമയം, ദക്ഷിണാഫ്രിക്കന്‍ നിരയില്‍ എയ്ഡന്‍ മര്‍ക്രമിന് പകരം ക്വിന്റണ്‍ ഡീകോക്ക് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും.
ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സ് എന്ന നിലയിലാണ്. 10 റണ്‍സെടുത്ത മായങ്ക് അഗര്‍വാളും റണ്‍സൊന്നുമെടുക്കാതെ ചേതേശ്വര്‍ പൂജാരയുമാണ് പുറത്തായത്. കാഗിസോ റബാഡക്കാണ് വിക്കറ്റ്. രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍.
ആദ്യ ടെസ്റ്റില്‍ 203 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്. രണ്ടാം ടെസ്റ്റില്‍ ഒരു ഇന്നിംഗ്‌സിനും 137 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ 200 പോയിന്റോടെ ഇന്ത്യ ബഹുദൂരം മുന്നിലാണ്. നിലവില്‍ 140 പോയിന്റുമായി ന്യൂസിലന്‍ഡും ശ്രീലങ്കയുമാണ് രണ്ടാം സ്ഥാനത്ത്.















