കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ ആറാം സീസണ് ഇന്ന് തുടക്കമാകും. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ചിര വൈരികളായ കേരള ബ്ലാസ്റ്റേഴ്സും എടികെയും ഏറ്റുമുട്ടും. വൈകുന്നേരം 6.30ന് ആണ് ഉദ്ഘാടന ചടങ്ങുകൾ. 7.30നാണ് മത്സരം ആരംഭിക്കുക.
ചടങ്ങിൽ അവതാരകനായെത്തുന്നത് യുവനടൻ ദുൽഖർ സൽമാനാണ്. ബോളിവുഡ് സൂപ്പര്‍ താരങ്ങളായ ടൈഗര്‍ ഷെറഫും ദിഷാ പടാനിയുമാണ് ഉദ്ഘാടന ചടങ്ങിലെ മുഖ്യ ആകർഷണം. പ്രശസ്ത ഡാന്‍സ് ഗ്രൂപ്പായ കിംഗ്സിന്റെ പ്രകടനവും ചടങ്ങിലുണ്ടാകും. ഉദ്ഘാടന ചടങ്ങിന്റെ മാറ്റുകൂട്ടാൻ നിയുക്ത ബിസിസിഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലിയും എത്തുന്നുണ്ട്.
അടിമുടി മാറ്റങ്ങളുമായാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുന്നത്. പുതിയ കോച്ചിന്റെ കീഴിൽ പുതിയ താരങ്ങളെ ഉൾപ്പെടുത്തിയാണ് ടീമിന്റെ വരവ്. അതിനാൽ തന്നെ കഴിഞ്ഞ സീസണുകളിലായി മോശം പ്രകടനം കാഴ്ചവച്ചിരുന്ന ബ്ലാസ്റ്റേഴ്സ് ഇത്തവണ കപ്പടിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകർ.
ആകെ പത്ത് ടീമുകളാണ് ഐഎസ്എല്ലിൽ മാറ്റുരയ്ക്കുന്നത്. ലീഗ് ഘട്ടത്തില്‍ ആകെ 90 മത്സരങ്ങളാണ് നടക്കുക. ഒക്ടോബര്‍ 20-ന് മത്സരം തുടങ്ങുമെങ്കിലും നവംബര്‍ 10 മുതല്‍ 22 വരെ ഇടവേളയായിരിക്കും. അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായുള്ള ഇടവേളയാണിത്. അടുത്ത വര്‍ഷം ഫെബ്രുവരി 23-ന് ലീഗ്ഘട്ട മത്സരങ്ങള്‍ അവസാനിക്കും. അവസാന ലീഗ് മത്സരവും ബ്ലാസ്റ്റേഴ്സിന്റേതാണ്.















