SportsSpecial

ഹാപ്പി ബർത്ത് ഡേ വീരു

മുന്നോട്ടാഞ്ഞ് ബാറ്റ് ശരീരത്തോട് അടുപ്പിച്ച് നിർത്തി ഷോട്ട് കളിക്കണമെന്ന പാഠത്തെ സ്റ്റാൻഡ് ആൻഡ് ഡെലിവർ എന്ന രണ്ടു വാക്കുകൾ കൊണ്ട് തിരുത്തിയെഴുതിയ കളിക്കാരൻ. പന്തിന്റെ സ്വിങ്ങും പിച്ചിന്റെ സ്വഭാവവും പഠിക്കാൻ ആദ്യ ഓവറുകൾ വിനിയോഗിക്കണമെന്ന കോപ്പിബുക്ക് ശൈലികളെ പൊളിച്ചെഴുതിയ വീരേന്ദർ സേവാഗിന് ഇന്ന് ജീവിത ക്രീസിൽ നാൽപ്പത്തിയൊന്നാം ഇന്നിംഗ്സ് പൂർത്തിയാവുകയാണ് .

എത്ര സമയം ക്രീസിൽ നിന്നു എന്നതിന് എത്ര റൺസെടുത്തു എന്നതിനേക്കാൾ പ്രാധാന്യമുള്ള ടെസ്റ്റ് മത്സരത്തെ അടിമുടി ഉടച്ചു വാർത്തു സേവാഗ് . സ്പിന്നിന് അനുസൃതമായി ബാറ്റ് വീശിയാലേ ബൗണ്ടറി കടക്കൂ എന്ന പന്തിന്റെ വാശി എത്രയോ പ്രാവശ്യം ആ ബാറ്റിനു മുന്നിൽ നിഷ്പ്രഭമായി.

ടെസ്റ്റിൽ ഓപ്പണറായി ഇറങ്ങാമോ എന്ന ചോദ്യത്തിന് വീരുവിന്റെ മറുപടി യെസ് എന്നായിരുന്നു . ചരിത്രത്തിലെ തന്നെ മനോഹരമായ ഇന്നിംഗ്സുകൾക്കാണ് പിന്നീട് ടെസ്റ്റ് ക്രിക്കറ്റ് സാക്ഷ്യം വഹിച്ചത് .ടീം ഇന്ത്യയുടെ കോച്ചായിരുന്ന ജോൺ റൈറ്റ് ഒരിക്കൽ പറഞ്ഞതിങ്ങനെ . ‘ഇറങ്ങുന്ന സ്ഥാനത്തിനനുസരിച്ച് തന്റെ കേളീശൈലി മാറ്റാനൊന്നും സേവാഗ് തയ്യാറായില്ല . മറിച്ച് തന്റെ ശൈലിക്കനുസരിച്ച് ആ സ്ഥാനത്തെ മാറ്റിയെടുത്തു അയാൾ’.

എറിയുന്ന ആളിന്റെ പെരുമ വീരുവിനെ ബാധിച്ചില്ല ഒരിക്കലും. ഗുഡ് ലെംഗ്തെന്നോ യോർക്കറെന്നോ ഷോർട്ട് പിച്ചെന്നോ കരുതി അർഹിക്കുന്ന മാന്യത നൽകിയതുമില്ല . എന്തിനേറെ തനിക്കെതിരെ എറിയുന്ന ആദ്യ പന്തിനെ പോലും സേവാഗ് ബഹുമാനിച്ചില്ല . കൃത്യമായ ടൈംമിംഗിൽ ശരിയായ കണ്ണ്- കൈ സംയോജനത്തിൽ നമുക്ക് കേൾക്കാൻ കഴിയുന്നത് ഇംഗ്ലീഷ് വില്ലോയുടെ മധുരമൂറുന്ന ശബ്ദമാണ് . പന്ത് താമസം വിനാ ഗ്യാലറിയിലും.

സേവാഗ് അടുത്ത പന്തിൽ എന്ത് ചെയ്യുമെന്ന് ദൈവത്തിനു പോലും മനസ്സിലാക്കാൻ പറ്റിയിട്ടുണ്ടാവില്ല. പക്ഷേ ഒന്നറിയാം, അടുത്ത എതെങ്കിലും ഒരു പന്തിൽ സേവാഗ് ക്രീസ് വിട്ടിറങ്ങിയേക്കാം. ചിലപ്പോൾ മിന്നലിന്റെ വേഗത്തിൽ ഓഫ്സൈഡിൽ അർദ്ധചക്രം വരച്ചേക്കാം..ഒന്നാലോചിച്ചാൽ സിക്സറടിച്ച് മുന്നൂറെന്ന മാന്ത്രിക അക്കം തികയ്ക്കാൻ ധൈര്യമുള്ള എത്ര ബാറ്റ്സ്മാന്മാരുണ്ടായിരുന്നു ക്രിക്കറ്റ് ലോകത്ത് ?

സച്ചിനെപ്പോലെയാകാൻ സ്വപ്നം കണ്ട് ജീവിച്ച ഡൽഹിക്കാരൻ ബാലൻ പിന്നീട് സച്ചിനെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ബാറ്റ് ചെയ്തത് കാണികൾ മറന്നിട്ടുണ്ടാകില്ല . ഇരുവരും ഒരുമിച്ച് ക്രീസിലുള്ളപ്പോൾ ആരാണ് സച്ചിൻ ആരാണ് സേവാഗെന്ന് തിരിച്ചറിയാൻ കഴിയാതെ വിഷമിച്ചിട്ടുണ്ട് ചിലരെങ്കിലും.

ക്രിക്കറ്റ് പണ്ഡിതന്മാരുടെ ഗുഡ് ബുക്കിൽ ഇടം പിടിക്കാൻ ഒരു പക്ഷേ വീരുവിന് കഴിഞ്ഞിട്ടുണ്ടാകില്ല. പക്ഷേ ലക്ഷക്കണക്കിന് കളിക്കമ്പക്കാരുടെ മനസ്സുകളിൽ ഒരു എന്റർടെയ്നറുടെ സിംഹാസനം വീരേന്ദർ സേവാഗെന്ന ഡൽഹിക്കാരനു വേണ്ടി നീക്കിവച്ചിട്ടുണ്ടാകുമെന്നതിൽ സംശയവുമില്ല.

ഇന്ന് രസകരമായ ട്വീറ്റുകളിലൂടെ സാമൂഹ്യ മാദ്ധ്യമരംഗത്ത് ഹ്യൂജ് സിക്സറുകൾ പായിക്കുന്ന തിരക്കിലാണ് താരം. ചിലതൊക്കെ വിവാദമാകാറുണ്ടെങ്കിലും രാജ്യത്തോടുള്ള കടമയ്ക്ക് ക്രിക്കറ്റിലും ജീവിതത്തിലും സേവാഗ് പ്രഥമ പരിഗണന നൽകിയിട്ടുണ്ടെന്ന് നിസംശയം പറയാം.
നന്ദി സ്റ്റാൻഡ് ആൻഡ് ഡെലിവർ മാൻ… ഞങ്ങൾക്ക് നൽകിയ ക്രിക്കറ്റ് ആഹ്ളാദങ്ങൾക്ക്… ഒപ്പം പിറന്നാളാശംസകളും .

652 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close