ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ എതിരാളികളെ നിഷ്പ്രഭരാക്കി ഇന്ത്യ കുതിക്കുന്നു. നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ 240 പോയിന്റുമായി ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിന് ആകെയുള്ളത് 60 പോയിന്റ്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയോടെയായിരുന്നു ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം കുറിച്ചത്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-0നാണ് ജയിച്ചത്. ഇതിനു പിന്നാലെ ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്കയെ നിര്‍ദാക്ഷിണ്യം മുട്ടുകുത്തിച്ചാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് ബഹുദൂരം മുന്നിലെത്തിയത്.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ആകെ 9 ടീമുകളാണുള്ളത്. എന്നാല്‍ 8 ടീമുകള്‍ നേടിയ പോയിന്റ് കൂട്ടിയാലും ഇന്ത്യ ഒറ്റക്ക് നേടിയതിനേക്കാള്‍ 8 പോയിന്റ് കുറവാണെന്നത് ടീമിന്റെ കരുത്ത് വ്യക്തമാക്കുന്നു. ഇന്ത്യ 240 പോയിന്റ് നേടിയപ്പോള്‍ ബാക്കി ടീമുകള്‍ എല്ലാവരും ചേര്‍ന്ന് നേടിയത് 232 പോയിന്റാണ്.
2 പരമ്പരയിലുമായി 5 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യ അഞ്ചിലും വിജയിച്ചാണ് 240 പോയിന്റ് സ്വന്തമാക്കിയത്. ഒാരോ പരമ്പര വീതം കളിച്ച ന്യൂസിലാന്‍ഡും ശ്രീലങ്കയും 1 വിജയും 1 തോല്‍വിയുമായി 60 പോയിന്റോടെ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ആഷസ് പരമ്പര പൂര്‍ത്തിയാക്കിയതോടെ ഓസ്ട്രേലിയയും ഇംഗ്ലണ്ടും 2 വീതം ജയങ്ങളും പരാജയങ്ങളും ഒരു സമനിലയും പങ്കുവെച്ച് നാലും അഞ്ചും സ്ഥാനങ്ങളിലാണ്. ഇരു ടീമിനും 56 പോയിന്റ് വീതമാണുള്ളത്.
ഇന്ത്യയോട് പരാജയപ്പെട്ട വെസ്റ്റ് ഇന്‍ഡീസും ദക്ഷിണാഫ്രിക്കയും പോയിന്റ് ഒന്നും നേടാനാകാതെ ആറും ഏഴും സ്ഥാനങ്ങളിലാണ്. പാകിസ്ഥാനും ബംഗ്ലാദേശും മത്സരങ്ങളൊന്നും കളിച്ചിട്ടില്ല.