ധാക്ക: ബംഗ്ലാദേശില്‍ നടക്കുന്ന ഷെയ്ഖ് കമാല്‍ ഇന്റര്‍നാഷണല്‍ ക്ലബ് ഫുട്‌ബോളില്‍ ഗോകുലം എഫ്.സി സെമി ഫൈനലില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ബിയില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഗോകുലം ഐ ലീഗ് ചാമ്പ്യന്‍മാരായ ചെന്നൈ സിറ്റി എഫ്.സിയെ മുട്ടുകുത്തിച്ചത്.
ഗോകുലത്തിന് വേണ്ടി ഹെന്റി കിസെക്കയും ലാല്‍റോമാവിയയുമാണ് ഗോള്‍ നേടിയത്. ഇരുവരും മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ഗോള്‍ നേടിയത് മത്സരത്തില്‍ ഗോകുലത്തിന് മേല്‍ക്കൈ നേടിക്കൊടുത്തു. ഫ്രീകിക്കില്‍ നിന്നാണ് ഗോകുലത്തിന്റെ ആദ്യ ഗോള്‍ പിറന്നത്. നഥാനിയല്‍ ഗാര്‍സിയ എടുത്ത കിക്ക് നേരെ ഹെന്റിയിലേക്ക്. ഹെന്റി പോസ്റ്റിലേക്ക് ഷൂട്ട് ചെയ്‌തെങ്കിലും ഗോളി പന്ത് തടഞ്ഞിട്ടു. തുടര്‍ന്ന് പന്ത് വീണ്ടും കൈവശപ്പെടുത്തിയ ഹെന്റി ലാല്‍റൊമാവിയയ്‌ക്ക് നല്‍കുകയും ഗോള്‍ പിറക്കുകയും ചെയ്തു.
രണ്ടാം ഗോളും നഥാനിയല്‍-ഹെന്റി കോംബിനേഷനിലാണ് പിറന്നത്. ആദ്യ ഗോളിന് സമാനമായി രണ്ടാം ഗോളിനും വഴിയൊരുക്കിയത് നഥാനിയലിന്റെ ഫ്രീകിക്ക് തന്നെയായിരുന്നു. ഇത്തവണ പന്ത് ലഭിച്ച ഹെന്റി കിട്ടിയ അവസരം പാഴാക്കാതെ ചെന്നൈ സിറ്റി എഫ്.സിയുടെ ഗോള്‍വല കുലുക്കി. ഇതോടെ ഒരു എ.എഫ്.സി. അംഗീകൃത ടൂര്‍ണമെന്റിന്റെ സെമിയില്‍ പ്രവേശിക്കുന്ന ആദ്യ കേരള ടീമായി ഗോകുലം മാറി.















