ന്യൂഡല്‍ഹി: തലസ്ഥാന നഗരിയിലെ കടുത്ത അന്തരീക്ഷമലിനീകരണത്തിന്റെ പേരില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടി20 മത്സരം മാറ്റാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് ബിസിസിഐ അറിയിച്ചു.അരുണ്‍ജെയറ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.നവംബര്‍ 3 നാണ് പകലും രാത്രിയിലുമായി മത്സരം നടക്കുന്നത്.
പരമ്പരയില്‍ 3 ടി20 മത്സരങ്ങളും രണ്ടു ടെസ്റ്റുകളുമാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.ദീപാവലി പ്രമാണിച്ച് ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും പടക്കംപൊട്ടിച്ചതിനെ തുടര്‍ന്നുള്ള ശക്തമായ പുക പടര്‍ന്നിരിക്കുകയാണ്. ഡല്‍ഹി മലിനീകരണ വകുപ്പിന്റെ സൂചനപ്രകാരം രണ്ടുദിവസത്തിനകം പുകയും മറ്റ് മലിനീകരണങ്ങളും മാറുമെന്നാണ് ബിസിസിഐ നല്‍കുന്ന വിവരം.
മലിനീകരണതോത് അപകടകരമായ അവസ്ഥയിലാണുള്ളത്. വളരെ മോശം എന്ന് കണക്കാക്കപ്പെടുന്ന 301-400 എന്ന തോതിലാണ് വായുമലിനീകരണം നിലനില്‍ക്കുന്നത്.ന്യൂഡല്‍ഹിയിലെ യൂണിവേള്‌സിറ്റി മേഖല,പുസാ,രോഹിണി-പഞ്ചാബ് ബാഗ്,വാസിര്‍പൂര്‍,ജഹാംഗീര്‍പൂര്‍,ബവാനാ എന്നിവടങ്ങളിലാണ് മലിനീകരണം രേഖപ്പെടുത്തിയിരിക്കുന്നതെന്നും സംസ്ഥാന മലിനീകരണ ബോര്‍ഡ് അറിയിച്ചു.















