ന്യൂഡല്‍ഹി: ഒളിമ്പിക്സ് 2020യുടെ യോഗ്യതയ്ക്കായി ഇന്ത്യന്‍ പുരുഷ-വനിതാ ഹോക്കീ ടീമുകള്‍ തയ്യാറെടുപ്പില്‍. ഭുവനേശ്വറില്‍ നടക്കാനിരിക്കുന്ന യോഗ്യതാ മത്സരങ്ങള്‍ വെള്ളിയാഴ്ച ആരംഭിക്കും.2020 ജൂലൈ 24 മുതല്‍ ആഗസ്റ്റ് 9 വരെയാണ് ജപ്പാനില്‍ 2020ലെ ഒളിമ്പിക്സ് നടക്കുക.
ഇന്ത്യന്‍ പുരുഷ ടീമിനെതിരെ യോഗ്യതാ മത്സരത്തിനായി റഷ്യയും പിന്നാലെ അമേരിക്കയും എത്തിക്കഴിഞ്ഞു.വനിതാ ടീമുകളുടെ മത്സരവും നടക്കും. പുരുഷ ടീമിനെ മന്‍പ്രീത് സിംഗും വനിതാ ടീമിനെ റാണീ രാം പാലുമാണ് നയിക്കുന്നത്. പുരുഷ ടീമിന്റെ മത്സരം റഷ്യയുമായും വനിതാ ടീമിന്റെ പോരാട്ടം അമേരിക്കക്കുമെതിരെയാണ്.
നവംബര്‍ 1, 2 തീയ്യതികളിലായി ഒഡീഷയിലെ കലിംഗാ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്.രണ്ടുമത്സരങ്ങള്‍ വീതം കളിക്കുന്നതിലൂടെ ലഭിക്കുന്ന മുന്‍തൂക്കമാണ് യോഗ്യതാ മാനദണ്ഡമായി നിശ്ചയിക്കുന്നത്.നിലവില്‍ റഷ്യ 22 -ാം റാങ്കിലും അമേരിക്ക 13-ാം റാങ്കിലുമാണുള്ളത്.
കാണികളുടെ മികച്ച പിന്തുണ കിട്ടുന്ന വേദിയാണ് ഭുവനേശ്വറിലേതെന്ന് ഹോക്കി ഫെഡറേഷന് പറഞ്ഞു. ഇന്ത്യന്‍ വനിതകള്‍ ആദ്യമായാണ് 16000 പേരില്‍ക്കൂടുതല്‍ ഇരിക്കുന്ന സ്റ്റേഡിയത്തില്‍ കളിക്കാനിറങ്ങുന്നത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇറങ്ങുന്നത് മികച്ച പ്രകടനം നടത്താന്‍ സഹായിക്കുമെന്നാണ് റാണീ പാല് പറയുന്നത്.















