ഹൈദരാബാദ്: ആദ്യ എവേ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. ഹൈദരാബാദ് എഫ്.സിക്കെതിരായ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് പരാജയപ്പെട്ടത്. ഒരു ഗോളിന് മുന്നില്‍ നിന്നിട്ടും കേരള ബ്ലാസ്റ്റേഴ്സ് മത്സരം കൈവിട്ടു.
34ാം മിനിറ്റില്‍ മലയാളി താരം രാഹുല്‍ കെ.പിയിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സിന് രണ്ടാം പകുതിയില്‍ വഴങ്ങിയ രണ്ടു ഗോളുകളാണ് വിനയായത്. 54ാം മിനിറ്റില്‍ പെനാല്‍റ്റി കിക്കിലൂടെ മാര്‍ക്കോ സ്റ്റാന്‍കോവിച്ചും 81ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ മാര്‍സെലീന്യോയും ആതിഥേയര്‍ക്കായി ലക്ഷ്യം കണ്ടു. തുടര്‍ച്ചയായ രണ്ടു മത്സരങ്ങള്‍ തോറ്റെത്തിയ ഹൈദരാബാദ് ലീഗിലെ ആദ്യ വിജയമാണ് സ്വന്തം കാണികള്‍ക്ക് മുമ്പില്‍ കുറിച്ചത്. ബ്ലാസ്റ്റേഴ്സിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.
മത്സരത്തിന്റെ പത്താം മിനിറ്റില്‍ പ്രതിരോധക്കാരന് സുയ്വെര്‍ലൂണിന് പരിക്കേറ്റത് തിരിച്ചടിയായി. എങ്കിലും ബ്ലാസ്റ്റേഴ്സ് മുന്നേറികൊണ്ടിരുന്നു. കളിയുടെ 22ാം മിനിറ്റില്‍ രാഹുലിന്റെ 20 വാര ദൂരത്തുനിന്നുള്ള ലോങ് റേഞ്ചര്‍ നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. മത്സരത്തിലുടനീളം ഇരു ടീമുകളുടെയും മധ്യനിര ഉണര്ന്നുകളിച്ചിരുന്നു. 34ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന നിമിഷമെത്തി. രാഹുലിന്റെ മനോഹര ഗോളില്‍ ബ്ലാസ്റ്റേഴ്സ് ലീഡ് നേടി. ഗോള്‍ കീപ്പര്‍ ടി പി രെഹ്നേഷ് നീട്ടിയടിച്ച പന്ത് ഹൈദരാബാദ് പ്രതിരോധത്തില്‍ത്തട്ടിത്തെറിച്ചു. പന്ത് ബോക്സില്‍ സഹലിലേക്ക്. മുന്നോട്ട് നീങ്ങിയ രാഹുലിനെ ലക്ഷ്യമാക്കി സഹലിന്റെ പാസ്. രാഹുല്‍ ഹൈദരാബാദ് കീപ്പര്‍ കരണ്‍ജിതിനെ കീഴടക്കി പന്ത് വലയിലാക്കി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രാഹുലിന്റെ കന്നി ഗോള്‍. ഒരു ഗോള്‍ ലീഡുമായാണ് ബ്ലാസ്റ്റേഴ്സ് ആദ്യപകുതി പൂര്‍ത്തിയാക്കിയത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്സ് ആക്രമിച്ചു കളിച്ചു. എന്നാല്‍ 53ാം മിനിറ്റില്‍ നിങിന്റെ ചെറിയ പിഴവിന് ബ്ലാസ്റ്റേഴ്സ് വലിയ വില നല്‍കേണ്ടി വന്നു. ഹൈദാരാബാദ് താരം യാസിറിനെ ബോക്സില്‍ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത മാര്‍ക്കോ സ്റ്റാന്‍കോവിച്ചിന് പിഴച്ചില്ല. ഇതോടെ ഐഎസ്എല്ലില്‍ ഹൈദരാബാദിന്റെ ആദ്യ ഗോള്‍ പിറന്നു.
ഗോള്‍ വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്സ് തുടരെ തുടരെ മികച്ച നീക്കങ്ങള്‍ നടത്തിക്കൊണ്ടേയിരുന്നു. രാഹുലും ഒഗ്ബച്ചെയും ചേര്‍ന്ന് നടത്തിയ നീക്കങ്ങള്‍ കാണികളെ ആവേശത്തിലാക്കിയെങ്കിലും ലക്ഷ്യം മാത്രം അകന്നുനിന്നു. ഇതിനിടെ ആതിഥേയര്‍ക്ക് ബോക്സിന് പുറത്ത് നിന്ന് ലഭിച്ച ഫ്രീകിക്കാണ് മത്സരഫലം നിര്‍ണ്ണയിച്ചത്. മാര്സെലീന്യോയാണ് ഹൈദരബാദിന്റെ വിജയഗോള്‍ നേടിയത്. തുടര്‍ന്ന് സമനിലക്കായി ബ്ലാസ്റ്റേഴ്സ് ശ്രമിച്ചെങ്കിലും ഹൈദരാബാദിന്റെ ജയം തടയാനായില്ല. നവംബര്‍ എട്ടിന് ഒഡീഷ എഫ്.സിക്കെതിരെ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.















