സ്പാനിഷ് ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്‌സലോണയെ മുട്ടുകുത്തിച്ച് ലെവാന്റെ. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലവാന്റെ ബാഴ്‌സയെ പരാജയപ്പെടുത്തിയത്.
38ാം മിനിട്ടില്‍ ലയണല്‍ മെസിയിലൂടെ ലീഡ് നേടിയെങ്കിലും ലെവാന്റെയുടെ ആക്രമണങ്ങളില്‍ ബാഴ്‌സലോണയുടെ പ്രതിരോധം ഇളകി. സ്വന്തം കാണികള്‍ക്കു മുന്നില്‍ കളിച്ചതിന്റെ ആനുകൂല്യം പരമാവധി ഉപയോഗിച്ച ലെവാന്റെ 3 ഗോളുകളും നേടിയത് മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു. 11 മത്സരങ്ങളില്‍ നിന്ന് 22 പോയിന്റുമായി ബാഴ്‌സലോണ തന്നെയാണ് ലീഗില്‍ ഒന്നാമത്.
ഫ്രഞ്ച് ലീഗില്‍ പാരിസ് സെന്റ് ജര്‍മ്മന്‍ മൂന്നാം തോല്‍വി ഏറ്റുവാങ്ങി. ഡിയോണിനെതിരെ നടന്ന മത്സരത്തില്‍ 1-0ന് മുന്നിട്ടു നിന്ന ശേഷമാണ് പിഎസ്ജി തോല്‍വി ഏറ്റുവാങ്ങിയത്. ലീഡ് നേടിയതോടെ അലസമായി കളിച്ച പിഎസ്ജിയുടെ ദൗര്‍ബല്യം മുതലെടുത്ത ഡിയോണ്‍ 2-1നാണ് വിജയം സ്വന്തമാക്കിയത്.
അതെസമയം ബുണ്ടന്‍സ്‌ലിഗയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിച്ചിന് എയ്ന്‍ട്രാച്ച് ഫ്രാങ്ക്ഫുര്‍ട്ടിനെതിരെ നടന്ന മത്സരത്തില്‍ കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. 5-1നാണ് എയിന്‍ട്രാച്ച് ബയേണിനെ നാണംകെടുത്തിയത്. പരാജയത്തോടെ ബയേണ്‍ കോച്ച് നിക്കോ കൊവാക്കിന്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നിലവില്‍ 10 കളികളില്‍ നിന്നും 18 പോയിന്റുമായി ബയേണ്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്.















