ന്യൂഡല്‍ഹി: ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ രാത്രി 7 മണിക്കാണ് മത്സരം. അതെസമയം ഡല്‍ഹിയിലെ കടുത്ത അന്തരീക്ഷ മലിനീകരണം കാരണം മത്സരം തടസപ്പെടുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ്മയാണ് ടീം ഇന്ത്യയെ നയിക്കുക. മലയാളി താരം സഞ്ജു സാസംണ്‍ അന്തിമ ഇലവനില്‍ സ്ഥാനം പിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ രോഹിത് ഇതു സംബന്ധിച്ച സൂചനകള്‍ നല്‍കിയിരുന്നു.
ട്വന്റി20 ലോകകപ്പ് മുന്നില്‍ കണ്ട് യുവതാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ടീമായിരിക്കും ഇന്ന് കളത്തിലിറങ്ങുകയെന്ന് ടീം അധികൃതര്‍ വ്യക്തമാക്കിയിരുന്നു. പതിവ് രോഹിത്-ധവാന്‍ ഓപ്പണിംഗ് സഖ്യത്തില്‍ മാറ്റമുണ്ടാകാനിടയില്ല. മൂന്നാമനായി കെ.എല്‍ രാഹുലും തൊട്ടുപിന്നാലെ ശ്രേയസ് അയ്യരും എത്താനാണ് സാധ്യത. നിലവിലെ സാഹചര്യത്തില്‍ അഞ്ചാം സ്ഥാനത്ത് സഞ്ജു സാംസണ് നറുക്ക് വീണേക്കും. ആറാമനായി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റിഷഭ് പന്ത് ഇറങ്ങാനാണ് സാധ്യത.
ഓള്‍ റൗണ്ടര്‍മാരായി ക്രുനാല്‍ പാണ്ഡ്യയും വാഷിംഗ്ടണ്‍ സുന്ദറും ടീമില്‍ ഇടം പിടിച്ചേക്കും. പേസര്‍മാരായി ഖലീല്‍ അഹമ്മദും ദീപക് ചാഹറും ഇറങ്ങിയേക്കും. സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനും അന്തിമ ഇലവനില്‍ സ്ഥാനം ലഭിച്ചേക്കും.















