ലണ്ടന്‍: ഞായറാഴ്ച നടന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ ലിസെസ്റ്റര്‍ സിറ്റി ക്രിസ്റ്റല്‍ പാലസിനെതിരെ ജയിച്ചപ്പോള്‍, ടോട്ടനത്തിനെതിരെ എവര്‍ട്ടണ്‍ സമനില നേടി. എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് ലിസെസ്റ്റര്‍ ക്രിസ്റ്റല്‍ പാലസിനെ തോല്പിച്ചത്.രണ്ടാം മത്സരത്തില്‍ എവര്‍ട്ടണും ടോട്ടനവും ഒരോ ഗോളുകളടിച്ച് സമനിലയില്‍പിരിഞ്ഞു.
തുടക്കത്തിലേ ആക്രമിച്ചുകളിച്ച ലിസെസ്റ്റര്‍ സിറ്റി പരമാവധി സമയം പന്തുകൈവശം വയ്‌ക്കുന്നതില്‍ വിജയിച്ചിരുന്നു.ആദ്യ പകുതിയില്‍ ഇരുടീമുകളും പ്രതിരോധം ശക്തമാക്കിയതോടെ ഗോള്‍ രഹിതമായി. എന്നാല്‍ രണ്ടാം പകുതിയില്‍ സെലാര്‍ സോയൂന്‍സു ലിസസ്റ്ററിനായി ആദ്യ ഗോള്‍ നേടി. 57-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്.
കളി തീരാന്‍ രണ്ടു നിമിഷം മാത്രമവശേഷിക്കേ ജാമീ വാര്‍ഡിയിലൂടെ രണ്ടാം ഗോളും ലിസെസ്റ്റര്‍ നേടി.ഇതോടെ ലീഗില്‍ ലിസെസ്റ്റര്‍ മൂന്നാം സ്ഥാനത്തേക്ക് തിരികെയെത്തി.പത്തുഗോളുകളടിച്ച് ഈ ആഴ്ച ലീഗിലെ ടോപ് സ്‌ക്കോററായി ജാമി വാര്‍ഡി മാറി.
രണ്ടാമത്തെ മത്സരത്തില്‍ ടോട്ടനത്തിന്റെ വിജയപ്രതീക്ഷയെ എവര്‍ട്ടണ്‍ തകര്‍ത്തുകളഞ്ഞാണ് സമനില പിടിച്ചത്. തുല്യശക്തിയായി ആക്രമിച്ചുകളിച്ചിട്ടും ഇരുടീമുകള്‍ക്കും ആദ്യ പകുതിയില്‍ ഗോള്‍വല ചലിപ്പിക്കാനായില്ല. ഏഴു തവണ ഷോട്ടുകളുതിര്‍ത്ത എവര്‍ട്ടണിന് ഗോളടിക്കാന്‍ മാത്രമായില്ല.
രണ്ടാം പകുതിയില്‍ ഡേലീ ആലിയിലൂടെയാണ് ടോട്ടനം ഏക ഗോള്‍ നേടിയത്. പ്രതിരോധം കനത്തതോടെ സുന്‍ ഹീയൂങ് മിന്‍ 79-ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡുകിട്ടി പുറത്തുപോകേണ്ടിവന്നു. നിശ്ചിത സമയത്തിനപ്പുറത്തേയ്‌ക്ക് നീണ്ട കളിയില്‍ അധിക സമയത്തെ 7-ാം മിനിറ്റില്‍ എവര്‍ട്ടണ്‍ ടോട്ടനത്തിനെ ഞെട്ടിച്ചുകൊണ്ട് സമനില ഗോള്‍ നേടി. നിലവില്‍ 9-ാം സ്ഥാനത്ത് ടോട്ടനം 11ഉം എവര്‍ട്ടണ്‍ 17ഉം സ്ഥാനങ്ങളിലാണ്.















