കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ കേരളത്തിന് മിന്നും ജയം. ആന്ധ്രാപ്രദേശിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് കേരളം കീഴടക്കിയത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച കേരളം എതിരാളിക്ക് ഒരവസരവും നല്‍കിയില്ല.
തുടക്കം മുതല്‍ മികച്ച ഫോമിലായിരുന്നു കേരള താരങ്ങള്‍. മുന്നേറ്റത്തില്‍ ലിയോണ്‍ അഗസ്റ്റിനും ജിതിനും അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുന്‍പ് 44ാം മിനിറ്റാലായിരുന്നു ആദ്യഗോള്‍. ലിയോണ്‍ അഗസ്റ്റിന്റെ കോര്‍ണര്‍ കിക്കില്‍ നിന്നും വിപിന്‍ തോമസാണ് കേരളത്തിനായി പന്ത് വലയിലെത്തിച്ചത്. തൊട്ടടുത്ത നിമിഷം പെനാല്‍റ്റിയില്‍ നിന്നും ലിയോണിന്റെ രണ്ടാം ഗോള്‍.
കേരളത്തിന്റെ കുന്തമുനയായ എമില്‍ ബെന്നി ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുന്‍പ് പകരക്കാരനായി ഇറങ്ങിയത് നിര്‍ണായകമായി. എമില്‍ ബെന്നി കളത്തിലിറങ്ങിയതോടെ കേരളത്തിന്റെ നീക്കങ്ങള്‍ക്ക് വേഗമേറി. എമില്‍ ബെന്നി ഇരട്ടഗോളും നേടി.
53ാം മിനിറ്റിലും 63ാം മിനിറ്റിലുമായിരുന്നു എമില്‍ ബെന്നിയുടെ ഗോളുകള്‍. കളി തീരാന്‍ രണ്ടു മിനിറ്റു ശേഷിക്കെ ഇന്‍ജുറി ടൈമില്‍ ഷിഹാദ് അഞ്ചാം ഗോള്‍ നേടി കേരളത്തിന്റെ പട്ടിക പൂര്‍ത്തിയാക്കി.















