ഹൈദരാബാദ്: വനിത തഹസീല്‍ദാരെ തീവെച്ചു കൊന്ന സംഭവത്തില്‍ രക്ഷിക്കാന്‍ ശ്രമിച്ച ഡ്രൈവറും മരിച്ചു. അബ്ദുല്ലപൂര്‍മെറ്റ് ഓഫീസിലെ ഡ്രൈവറായ കമല്ല ഗുരുനാഥാണ്(27) മരിച്ചത്. തഹസീല്ദാരായ വിജയ റെഡ്ഡിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കമല്ല ഗുരുനാഥിന് 80 ശതമാനം പൊളളലേറ്റത്. രക്ഷപ്പെടുത്താന്‍ ശ്രമിച്ച അറ്റന്‍ഡര്‍ ചന്ദ്രയ്യയുടെ നില അതീവഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ചന്ദ്രയ്യയ്ക്ക് 60 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.
വിജയ റെഡ്ഡിയെ കൊലപ്പെടുത്തിയ പ്രതി സുരേഷിന്റെ നില ഗുരുതമാണ്. ആക്രമണത്തില്‍ സുരേഷിന് 65 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. ഭൂമി സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്ന് സുരേഷ് തഹസീല്‍ദാര്‍ വിജയ റെഡ്ഡിയെ ഓഫീസിന്റെ മുന്പില് വച്ച് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ വിജയ റെഡ്ഡി മരിച്ചു. വിജയ റെഡ്ഡിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കമല്ല ഗുരുനാഥ്, ചന്ദ്രയ്യ എന്നിവര്‍ക്ക് പൊള്ളലേറ്റു.
സംഭവത്തില്‍ പ്രതിഷേധിച്ച് തെലങ്കാന റവന്യൂ സര്‍വീസസ് അസോസിയേഷന് ചൊവ്വാഴ്ച സംസ്ഥാനമൊട്ടാകെ ഓഫീസുകള്‍ അടച്ചിട്ടു.