ബീജിംഗ്: ലോക ബാഡ്മിന്റണ്‍ വേദികളില്‍ ഇന്ത്യന്‍ താരങ്ങളുടെ നിരാശാജനകമായ പ്രകടനം തുടര്‍ക്കഥയാകുന്നു.ഫൂഷൂവില്‍ നടക്കുന്ന ചൈനാ ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ത്തന്നെ ഇന്ത്യയുടെ സൈനാ നെഹ്‌വാള്‍ പുറത്തായി. ചൈനയുടെ അത്ര പ്രശ്‌സതയല്ലാത്ത കായ് യാന്‍ യാനാണ് ഇന്ത്യന്‍ സീനിയര്‍താരത്തെ 21-9, 21-11 എന്ന നിലയില്‍ അട്ടിമറിച്ചത്.ചൊവ്വാഴ്ച ലോകചാമ്പ്യന്‍ പി.വി.സിന്ധു ആദ്യ റൗണ്ടില്‍ അട്ടിമറിക്കപ്പെട്ടതിന് പിറകേ സൈനയും മടങ്ങിയത് ഇന്ത്യയുടെ പ്രതീക്ഷകള്‍ തകര്‍ത്തു.
ഈ വര്‍ഷം പകുതി മുതല്‍ ലോക അഞ്ചാം നമ്പര്‍ താരം സൈനാ നെഹ്‌വാള്‍ കളിക്കളത്തില്‍ മോശം ഫോമിലാണുള്ളത്.ലോക ചാമ്പ്യന്‍ഷിപ്പില്‍ മോശം പ്രകടനം കാഴ്ച വെയ്‌ക്കേണ്ടിവന്ന സൈന തുടര്‍ന്ന് മത്സരിച്ച മൂന്ന് പ്രധാന ചാമ്പ്യന്‍ഷിപ്പുകളില്‍ ആദ്യ റൗണ്ടില്‍ പുറത്തായി. കഴിഞ്ഞ മാസം ഫ്രഞ്ച് ഓപ്പണില്‍ ക്വാര്‍ട്ടര്‍ വരെയെത്തിയെങ്കിലും മുന്നേറാനായില്ല.
വരുന്നമാസം ഹോംങ്കോഗിലും കൊറിയയിലുമായി നടക്കാനിരിക്കുന്ന കളികളിലാണ് സൈന അടുത്തതായി മത്സരത്തിനിറങ്ങുക. ഇതിനിടെ ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്റെ വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ കളിക്കാനുള്ള യോഗ്യത സൈനയ്‌ക്ക് ലഭിക്കാന്‍ സാധ്യതയില്ല.കഴിഞ്ഞ ദിവസത്തെ ആദ്യ റൗണ്ട് മത്സരത്തില്‍ ചൈനയുടെ യുവതാരം പായ് യൂ പോ 12-21, 21-18, 19-21 നാണ് സിന്ധുവിനെ അട്ടിമറിച്ചത്. ലോക ചാമ്പ്യനായ ശേഷം സിന്ധുവും ഒരു ടൂര്‍ണ്ണമെന്റില്‍ പോലും 3-ാം റൗണ്ടിനപ്പുറം കടന്നിട്ടില്ല.















