രാജ്കോട്ട്: ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി20യില്‍ ഇന്ത്യക്ക് 8 വിക്കറ്റ് വിജയം. കരിയറിലെ 100ാം ട്വന്റി20 മത്സരത്തിനിറങ്ങിയ രോഹിത് ശര്‍മ്മയുടെ പ്രകടനമാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തപ്പോള്‍ 26 പന്തുകള്‍ ബാക്കി നിര്‍ത്തി ഇന്ത്യ ലക്ഷ്യം കണ്ടു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് ഓപ്പണര്‍മാരായ ലിറ്റണ്‍ ദാസും(29) മുഹമ്മദ് നയീമും(36) മികച്ച തുടക്കമാണ് നല്‍കിയത്. സൗമ്യ സര്‍ക്കാരും മഹമ്മദുള്ളയും 30 വീതം റണ്‍സെടുത്ത് പുറത്തായി.
4 ഓവറില്‍ 28 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചാഹലിന്റെ പ്രകടനം വലിയ സ്കോറിലേക്ക് പോകുകയായിരുന്ന ബംഗ്ലാദേശിനെ പിടിച്ചു നിര്‍ത്തി. ദീപക് ചഹര്‍, ഖലീല്‍ അഹമ്മദ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
മറുപടി ബാറ്റിംഗില്‍ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 118 റണ്‍സ് കൂട്ടിച്ചേര്‍ത്തതിനു ശേഷമാണ് ഇവര്‍ പിരിഞ്ഞത്. ധവാന് 31 റണ്‍സ് നേടി പുറത്തായി. മറുവശത്ത് രോഹിത് മികച്ച ഫോമിലായിരുന്നു. 6 വീതം സിക്സറുകളും ബൗണ്ടറികളുമടക്കം 43 പന്തില്‍ 85 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയാണ് കളിയിലെ താരം.
വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യയും ബംഗ്ലാദേശും ഓരോ മത്സരങ്ങള്‍ വീതം വിജയിച്ചു. നിര്‍ണ്ണായകമായ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഞായറാഴ്ച നാഗ്പൂരിലാണ് നടക്കുക.