സൂഷു: ചൈനാ ഓപ്പണ്‍ ബാഡ്മിന്റണില്‍ മെഡല്‍ സാധ്യത ഉറപ്പിച്ചുകൊണ്ട് ഇന്ത്യന്‍ പുരുഷ താരങ്ങള്‍ ക്വാര്‍ട്ടറില്‍ കടന്നു. ജപ്പാന്റെ ലോക ആറാം നമ്പര്‍ ജോഡികളായ എന്‍ഡോ- വാതാനബെ സഖ്യത്തെയാണ് അട്ടിമറിച്ചത്.21-18,21-23,21-11 എന്ന സ്ക്കോറിനായിരുന്നു ജയം.
തുടര്‍ച്ചയായി രണ്ട് ടൂര്‍ണ്ണമെന്റുകളില്‍ ഇന്ത്യന്‍ പുരുഷ ഡബിള്‍സ് താരങ്ങള്‍ വിജയവഴിയിലാണ്. കഴിഞ്ഞ ഫ്രഞ്ച് ഓപ്പണിലും ഇവര്‍ ജപ്പാന് താരങ്ങളെ അട്ടിമറിച്ചിരുന്നു.ഫ്രഞ്ച് ഓപ്പണിലെ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ ഇന്തോനേഷ്യയുടെ മാര്‍ക്കസ്-സുകാമുല്‍ജോ ജോഡികളോടാണ് അടിയറവ് പറഞ്ഞത്.
ക്വാര്‍ട്ടറില്‍ അനായാസം പൊസിഷന്‍ മാറിക്കളിക്കാനറിയുന്നതാണ് ഇരുവരുടേയും നേട്ടം. എന്നിരുന്നാലും നെറ്റിനടുത്ത് കളിക്കുന്നതില്‍ ചിരാഗിന് മിടുക്ക് കൂടുതലാണ്. അതുപോലെ ബാക്ക് സ്മാഷുകളിലൂടെ എതിരാളിയെ നിഷ്പ്രഭമാക്കാന്‍ സാത്വിക്കിനുള്ള മികവ് അപാരമാണെന്നും ദേശീയ പരിശീലകന് പുല്ലേല ഗോപീചന്ദ് ചൂണ്ടിക്കാട്ടി.
നിലവില്‍ വ്യക്തിഗത ഇനങ്ങളില്നിന്നെല്ലാം ഇന്ത്യയുടെ മുഴുവന്‍ പുരുഷ-വനിതാ താരങ്ങള്‍ പുറത്തുപോയിക്കഴിഞ്ഞു.കശ്യപും പ്രണീതുമാണ് അവസാനം പുറത്തായത്. വനിതകളില്‍ ആദ്യ റൗണ്ടില്‍ ലോക ചാമ്പ്യന്‍ സിന്ധുവും ലോക അഞ്ചാം നമ്പര്‍ സൈനയും പുറത്തായത് ഇന്ത്യന്‍ ക്യാമ്പില്‍ നിരാശ പടര്‍ത്തിയിരുന്നു. ഇനി ഏവരുടേയും പ്രതീക്ഷ ചിരാഗ്-സാത്വിക് സഖ്യത്തിലാണ്.