കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്ന തീയതി തിങ്കളാഴ്ച തീരുമാനിക്കും. ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിന് മുന്നോടിയായി ഫ്ളാറ്റുകള്‍ പൊളിക്കുന്ന കമ്പനികളുമായി സാങ്കേതിക വിദഗ്ധ സമിതി ചര്‍ച്ച നടത്തി. ഫ്ളാറ്റുകള്‍ എല്ലാം ഒരേ ദിവസം പൊളിക്കാന്‍ തയ്യാറാണെന്നു കരാറെടുത്ത കമ്പനികള്‍ യോഗത്തില്‍ അറിയിച്ചു.
ഡിസംബര്‍ 15 ന് ശേഷമാകും ഫ്ളാറ്റുകള്‍ സ്ഫോടനത്തിലൂടെ പൊളിക്കുക. ജനുവരി എട്ടിന് മുന്‍പ് ഫ്ളാറ്റുകള്‍ പൂര്‍ണമായും പൊളിച്ചു നീക്കും. ഫ്ളാറ്റുകള്‍ എല്ലാം ഒരേ ദിവസം തന്നെ തകര്‍ക്കാന്‍ കഴിയുമെന്ന് കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം തിങ്കളാഴ്ച്ച ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേരുന്ന യോഗത്തിലില് തീരുമാനിക്കും.
മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള അനുമതി കിട്ടിയ രണ്ട് കമ്പനികളുടെ പ്രതിനിധികളും സാങ്കേതിക വിദഗ്ധരുമാണ് സബ് കളക്ടര്‍ സ്നേഹില്‍ കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത്. ഫ്ളാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്നത് സംബന്ധിച്ച രൂപരേഖ യോഗം ചര്‍ച്ച ചെയ്തു. കെട്ടിടത്തിന്റെ നിലകള്‍ മൈക്രോ സെക്കന്‍ഡുകളുടെ ഇടവേളയിലാകും താഴേക്ക് പതിക്കുക. പ്രകമ്പനത്തിന്റെ തീവ്രത വളരെക്കുറവായിരിക്കുമെങ്കിലും 50 മീറ്റര്‍ ചുറ്റളവ് അപകട സാധ്യതാ മേഖലയായാണ് കണക്കാക്കിയിരിക്കുന്നത്. ഫ്ളാറ്റുകള്‍ പൊളിക്കുമ്പോഴുണ്ടാകുന്ന പൊടി നിയന്ത്രിക്കാന്‍ മതിയായ സൗകര്യങ്ങളും ഒരുക്കും.