മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവല്‍ക്കരണത്തിന് ബിജെപിയെ ക്ഷണിച്ച് ഗവര്‍ണര്‍. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിലാണ് ബി ജെ പി നിയമ കക്ഷി നേതാവ് ദേവേന്ദ്ര ഫട്നാവിസിനെ ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരി ക്ഷണിച്ചത്. നവംബര്‍ 11 രാത്രി 8 മണിക്ക് മുന്‍പ് ഫട്നാവിസ് ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഭൂരിപക്ഷം തെളിയിക്കുന്നതിനായി സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ പട്ടിക ഫട്നാവിസ് സമര്‍പ്പിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
288 സീറ്റില്‍ 105 സീറ്റുകളാണ് ബി ജെ പി നേടിയത്. 145 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യം. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി ജെ പിയെ ക്ഷണിച്ചു കൊണ്ടുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ശിവസേനയും വ്യക്തമാക്കി. ശിവസേന നേതാവ് സജ്ഞയ് റൗത്താണ് ഇക്കാര്യം വ്യക്തമാക്കിയത്.
നടപടിക്രമങ്ങള്‍ അനുസരിച്ചുള്ള തീരുമാനമാണിതെന്നും ശിവസേന തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള പ്രവര്‍ത്തനം ഗവര്‍ണര്‍ ആരംഭിച്ചുവെന്നും ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയില്‍ ആദ്യം സര്‍ക്കാരുണ്ടാക്കുനുള്ള അവകാശം ബി ജെ പിക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.