പാലക്കാട്: വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. കേസില്‍ സാക്ഷ്യപ്പെടുത്തിയ വിധിപ്പകര്‍പ്പ് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
പാലക്കാട് പോക്സോ കോടതിയുടെ വിധി റദ്ദാക്കണമെന്നും പെണ്‍കുട്ടികളുടെ മരണം ഉള്‍പ്പെടെ സി ബി ഐ അന്വേഷിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. കേസ് അന്വേഷണം അട്ടിമറിച്ചെന്നും കൊലപാതക സാധ്യത അന്വേഷിച്ചില്ലെന്നും പെണ്‍കുട്ടികളുടെ കുടുംബം ആരോപിക്കുന്നു. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ എടുക്കുന്ന നിലപാടിനെ പിന്തുണയ്ക്കും എന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നത്. മതാപിതാക്കള്‍ക്ക് നിരവധി രാഷ്ട്രീയ സാംസ്കാരിക സംഘടനകള്‍ നിയമ സഹായവും വാഗ്ദാനം ചെയ്തിരുന്നു.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി നേരത്തെ കോടതി തള്ളിയിരുന്നു. പോക്സോ കോടതിയുടെ വിധി നിലനില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ കേസ് പരിഗണിക്കാനാവില്ലെന്നാണ് കോടതി പറഞ്ഞത്. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്കോ സര്‍ക്കാരിനോ പോക്സോ കോടതി വിധി ചോദ്യം ചെയ്ത് അപ്പീല്‍ നല്‍കാമെന്ന് ചൂണ്ടികാട്ടിയായിരുന്നു ഹൈക്കോടതി നടപടി.