തിരുവനന്തപുരം: പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ ഉടന്‍ നിയമനം നടത്താന്‍ പിഎസ്സി തീരുമാനിച്ചു. പരീക്ഷയില്‍ കോപ്പിയടിച്ചുവെന്ന് കണ്ടെത്തിയ മൂന്ന് എസ്.എഫ്.ഐ നേതാക്കളെ ഒഴിവാക്കിയാണ് പിഎസ്സി നിയമനം നടത്തുന്നത്.
പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ മൂന്ന് പേര് തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതോടെ പരീക്ഷ തന്നെ റദ്ദാക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ എസ്.എഫ്.ഐ നേതാക്കളായ മൂന്ന് പേര് മാത്രമാണ് തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായിരുന്നു. ഇതോടെയാണ് ശേഷിക്കുന്നവര്‍ക്ക് നിയമനം നടത്താമെന്ന് പിഎസ്സി തീരുമാനിച്ചത്.
എസ്.എഫ്.ഐ നേതാക്കളായിരുന്ന നസീം, ശിവരഞ്ജിത്ത് പ്രണവ് എന്നിവരാണ് പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ വന്‍ ക്രമക്കേട് നടത്തി റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റിയത്. കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളും നിലവില്‍ ജാമ്യത്തിലാണ്.
അതേസമയം പിഎസ്സി പരീക്ഷാ ഹാളുകളില്‍ മൊബൈല്‍ഫോണ്‍ നിരോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചു. വാച്ച്, പഴ്സ്, സ്റ്റേഷനറി, ഭക്ഷ്യവസ്തുക്കള്‍ എന്നിവയും പരീക്ഷാ ഹാളില്‍ നിരോധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പിഎസ്സി പരീക്ഷ തട്ടിപ്പ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.