ഐപിഎൽ ട്രാൻസ്ഫർ; ബോൾട്ടിനെ ടീമിലെത്തിച്ച്, പേസ് ആക്രമണത്തിന് മൂർച്ചകൂട്ടി മുംബൈ; രഹാനെയും അശ്വിനും ഡൽഹിയിൽ

മുംബൈ: ഐപിഎൽ ട്രാൻസ്ഫർ വിൻഡോയിലൂടെ ടീമിന്റെ കരുത്ത് കൂട്ടി മുംബൈ ഇന്ത്യൻസും, ഡൽഹി കാപ്പിറ്റൽസും. ട്രാൻസ്ഫർ കാലാവധി അവസാനിച്ചപ്പോൾ ലോക രണ്ടാം നമ്പർ ബൌളറായ ട്രെന്റ് ബോൾട്ടിനെയാണ് മുബൈ തങ്ങളുടെ പാളയത്തിലെത്തിച്ചിരിക്കുന്നത്. ഡൽഹിയിൽ നിന്ന് മായങ്ക് മാർക്കണ്ഡെയെ പകരം നൽകിയാണ് ന്യൂസിലൻഡ് പേസറെ മുംബൈ സ്വന്തമാക്കിയത്.
മുംബൈയുടെ പേസ് ആക്രമണത്തിന്റെ മൂർച്ച കൂട്ടിയാണ് ബോൾട്ട് മുംബൈ നിരയിലെത്തുന്നത്. നിലവിൽ ലോക ഒന്നാം നമ്പർ ബൌളറായ ജസ്പ്രീത് ബൂമ്രയും ലങ്കൻ പേസർ ലസിത് മലീങ്കയും മുംബൈ ഇന്ത്യൻസിലാണുള്ളത്.
ഐപിഎല്ലിൽ മറ്റൊരു സുപ്രധാന നീക്കം നടത്തിയത് ഡൽഹി കാപ്പിറ്റൽസാണ്. രണ്ട് ടീമുകളുടെ നായകൻമാരെയാണ് ഡൽഹി സ്വന്തമാക്കിയിരിക്കുന്നത്. കിംഗ്സ് ഇലവൺ പഞ്ചാബിൽ നിന്ന് സ്പിന്നർ രവിചന്ദ്രൻ അശ്വിനെയും രാജസ്ഥാൻ റോയൽസിൽ നിന്ന് അജിങ്ക്യ രഹാനെയെയുമാണ് ഡൽഹി തങ്ങളുടെ പാളയത്തിലെത്തിച്ചിരിക്കുന്നത്. നിലവിൽ ഡൽഹിയുടെ നായകൻ യുവതാരം ശ്രേയസ് അയ്യരാണ്. പരിചയ സമ്പത്തുള്ള രണ്ട് താരങ്ങൾ ടീമിലെത്തുമ്പോൾ നായകനെ മാറ്റുമോയെന്ന കാര്യം കാത്തിരുന്ന് കാണേണ്ടതാണ്.
രവിചന്ദ്രന്‍ അശ്വിന് പുറമെ പേസർ അങ്കിത് രജ്പൂതിനെയും പഞ്ചാബ് കൈമാറിയിട്ടുണ്ട്. രാജസ്ഥാനിലേക്കാണ് താരത്തെ കൈമാറിയത്. രാജസ്ഥാനിൽ നിന്നും ധവൽ കുൽക്കർണി മുംബൈയിൽ എത്തും. മുംബൈ ഓപ്പണർ എവിൻ ലെവിസിനെ രാജസ്ഥാനിലേക്ക് കൈമാറ്റം ചെയ്തു.
ഡിസംബറിൽ നടക്കാനിരിക്കുന്ന ലേലം മുന്നില്‍ക്കണ്ട് നിരവധി താരങ്ങളെയും ടീം മാനേജ്‌മെന്റുകള്‍ വേണ്ടെന്ന് വെച്ചിട്ടുണ്ട്. കൊൽക്കത്തയിൽ നടക്കുന്ന ലേലത്തിന് മുൻപായി കൈമാറിയതും നിലനിര്‍ത്തിയതും ഒഴിവാക്കിയതുമായ താരങ്ങളുടെ അന്തിമ പട്ടിക ടീം മാനേജ്മെന്റുകൾ ഐപിഎല്‍ ഭരണസമിതിക്ക് സമര്‍പ്പിക്കണം.
Post Your Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..