മുംബൈ: ലോകക്രിക്കറ്റിലെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ 30 വര്‍ഷം മുന്‍പ് തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത് ഈ ദിനത്തിലായിരുന്നു. 1989 നവംബര്‍ 15ല്‍ കറാച്ചിയിലെ ടെസ്റ്റിലാണ് ചിരവൈരികളായ പാകിസ്ഥാനെതിരെ സച്ചിന്റെ തുടക്കം. ആദ്യ ടെസ്റ്റില്‍ വെറും 15 റണ്‍സ് മാത്രമാണ് എടുത്തതെങ്കിലും ബാറ്റുമായി ക്രീസിലേക്ക് നടന്നടുത്ത ചുരുളന്‍ മുടിയും നിഷ്‌ക്കളങ്കമായ മുഖവുമായി വന്ന 16 വയസ്സുകാരനായ പയ്യന്‍ അവിടെ നിന്ന് നടന്നുകയറിയത് ലോകക്രിക്കറ്റ് ആരാധകരുടെ ഹൃദയത്തിലേക്കായിരുന്നു.
ആഭ്യന്തര ക്രിക്കറ്റിലെ എക്കാലത്തേയും റെക്കോഡുകള്‍ തിരുത്തിക്കുറിച്ചുള്ള സച്ചിന്റെ പ്രയാണം അങ്ങിനെ കറാച്ചി ടെസ്റ്റിലൂടെ അന്താരാഷ്‌ട്ര തട്ടകത്തിലേക്ക് കയറി. ക്രീസില്‍ അന്ന് സച്ചിനെ കാത്തുനിന്നത് അക്കാലത്തെ പേസ് ബൗളിംഗിലെ ഭീകരന്മാരായിരുന്ന ഇമ്രാന്‍ ഖാനും, വസീം അക്രമും വഖാര്‍ യൂനസുമായിരുന്നു. ഒപ്പം ഏതുനിമിഷവും കളിമാറ്റിമറിക്കുന്ന ഗൂഗ്ലീ മാന്ത്രികന്‍ അബ്ദുള്‍ഖാദറും.
ഇന്ത്യന്‍ ടീം കൃഷ്ണമാചാരി ശ്രീകാന്തിന്റെ നേതൃത്വത്തിലാണ് കളത്തിലിറങ്ങിയത്. കപില്‍ദേവും നിലവിലെ കൊച്ച് രവിശാസ്ത്രിയും അടങ്ങുന്ന ലോകോത്തര ഓള്‍റൗണ്ടര്‍മാരുടേയും ബാറ്റിംഗിലെ എക്കാലത്തേയും മികച്ച പ്രതിഭകളിലൊരാളായ മുഹമ്മദ് അസ്ഹറുദ്ദീന്റെയും തണലിലായിരുന്നു കൊച്ചു സച്ചിന്‍ ഗ്രൗണ്ടിലിറങ്ങിയത്.
മധ്യനിരയില്‍ ബാറ്റിംഗിനിറങ്ങിയ സച്ചിന്‍ ചീറി വരുന്ന ബൗണ്‍സറുകളെ സധൈര്യം നേരിട്ടു.അരമണിക്കൂര്‍ കഷ്ടിയാണ് ആദ്യടെസ്റ്റില്‍ സച്ചിന് ബാറ്റ് ചെയ്യാനായത്.24 പന്തുകളെ നേരിട്ട് 15 റണ്‍സില്‍ ക്രിക്കറ്റ് ജീവിതത്തിലെ ആദ്യ ടെസ്റ്റില്‍ ഹരിശ്രീ കുറിച്ചു. അതേ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച വഖാര്‍ യൂനിസിനായിരുന്നു അന്ന് സച്ചിന്റെ വിക്കറ്റ് ലഭിച്ചത്.രണ്ടാമിന്നിംഗ്‌സില്‍ സച്ചിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. ടെസ്റ്റിലെ ആദ്യ സെഞ്ച്വറി സച്ചിന്‍ കുറിച്ചത് തൊട്ടടുത്ത വര്‍ഷം 1990 ആഗസറ്റ് 9 ന് ഇംഗ്ലണ്ടിനെതിരെ ഓള്‍ഡ് ട്രാഫോഡിലായിരുന്നു. പാകിസ്ഥാനെതിരെ ആദ്യ സെഞ്ച്വറിക്കായി 10 വര്‍ഷം കാത്തിരിക്കേണ്ടിവന്നു.1999 ജനുവരി 28നാണ് ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തില്‍ തന്റെ 18-ാം സെഞ്ച്വറി പാകിസ്ഥാനെതിരെ സച്ചിന്‍ നേടിയത്. ആ പ്രയാണം ടെസ്റ്റില്‍ 51 സെഞ്ച്വറിവരെ തുടര്‍ന്നു.
True Legends !! pic.twitter.com/hPAopu4FyH
— Pravin Shinde (@ShindePravin001) November 15, 2019
സമനിലയില്‍ അവസാനിച്ച ആ ടെസ്റ്റില്‍ പാക്‌നിരയില്‍ ഇമ്രാനും സലീം മാലിക്കും സെഞ്ച്വറി നേടിയപ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ സഞ്ജയ് മഞ്ചരേക്കറുടെ സെഞ്ച്വറി ഇന്ത്യക്ക് കരുത്തായി. ബൗളിംഗില്‍ വസീം അക്രം 5 വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ അരങ്ങേറ്റ ടെസ്റ്റില്‍ വഖാര്‍ യൂനിസ് 4 വിക്കറ്റ് സ്വന്തമാക്കി. ഇന്ത്യന്‍ നിരയില്‍ 7 വിക്കറ്റുമായി കപില്‍ ദേവ് ശക്തമായ സാന്നിധ്യമായപ്പോള്‍ സ്വീംഗ് ബൗളിംഗിലെ കരുത്തനായിരുന്ന മനോജ് പ്രഭാകര്‍ 6 വിക്കറ്റുകള്‍ വീഴ്‌ത്തി ശ്രദ്ധനേടി















