ഹോങ്കോംഗ്: ഇന്ത്യയുടെ കിടംമ്പി ശ്രീകാന്ത് ഹോങ്കോംഗ് ഓപ്പണ്‍ ബാഡ്മിന്റണ്‍ സെമിയില്‍ പ്രവേശിച്ചു. ചൈനയുടെ ചെന്‍ ലോംഗിനെയാണ് ശ്രീകാന്ത് തോല്‍പ്പിച്ചത്. ആദ്യ ഗെയിമില്‍ ശ്രീകാന്ത് 21-13 ന് ജയിച്ചുനില്ക്കേയാണ് ചൈനയുടെ താരം പരിക്കേറ്റ് പിന്മാറിയത്.
ഇതു രണ്ടാം തവണയാണ് ശ്രീകാന്ത് ചൈനയുടെ മികച്ചതാരത്തിനെതിരെ ജയിക്കുന്നത്. കഴിഞ്ഞ മലേഷ്യന്‍ ഓപ്പണില്‍ ഇരുവരും ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടിയപ്പോള്‍ ചൈനയാണ് ജയിച്ചത്. 2017ലെ ഓസ്ട്രേലിയന്‍ ഓപ്പണിലാണ് അവസാനമായി ശ്രീകാന്ത് ലോംഗിനെതിരെ ജയിച്ചത്.
നാലാം റൗണ്ടില്‍ ഇന്ത്യയുടെ തന്നെ സൗരഭ് വര്‍മയെ 21-11,15-21,21-19ന് പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് ക്വാര്‍ട്ടറില്‍ കടന്നത്. കഴിഞ്ഞ ചൈനാ ഓപ്പണ്‍ ജേതാവ് ജപ്പാന്റെ കെന്റോ മൊമോട്ടോയായിരുന്നു ആദ്യ റൗണ്ടില്‍ ശ്രീകാന്തിന്റെ എതിരാളി. എന്നാല്‍ മൊമോട്ടോ അപ്രതീക്ഷിതമായി ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറുകയായിരുന്നു.















