ന്യൂഡല്ഹി: മൈനസ് ഡിഗ്രിയിലും കട്ട പിടിക്കാത്ത ഡീസലിന്റെ ആദ്യ ട്രക്ക് ലേയിലെത്തി. താപ നില മൈനസ് 30 ഡിഗ്രി വരെയെത്തുന്ന ലഡാക്, കാര്ഗില്, കാസാ,കീലോങ് തുടങ്ങിയ പ്രദേശങ്ങള്ക്കായാണ് ഇത്തരം ഡീസല് ഉത്പാദിപ്പിച്ചത്.
പൊതുമേഖലാ കമ്പനിയായ ഇന്ത്യന് ഓയില് കോര്പ്പറേഷന് ലിമിറ്റഡാണ് ഡീസല് വികസിപ്പിച്ചത്. ഡീസലിന്റെ വിതരണോദ്ഘാടനം കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ നിര്വഹിച്ചിരുന്നു. ഡല്ഹിയിലിരുന്നു വീഡിയോ കോണ്ഫറന്സിലൂടെയാണ് അദ്ദേഹം ഉദ്ഘാടനം നിര്വഹിച്ചത്.
ഹരിയാനയിലെ പാനിപ്പത്തിലൂള്ള ശുദ്ധീകരണശാലയില് ഉണ്ടാക്കിയ ഡീസല്, ബിഎസ്ആര് ആറ് മാനദണ്ഡങ്ങളാണ് പാലിക്കുന്നത്. ലേയിലേയും കാര്ഗിലിലേയും ഡിപ്പോകളിലേക്കുള്ള ഡീസല് ജലന്ധറില് നിന്നാണ് എത്തുക.
അതിശൈത്യകാലത്ത് സാധാരണ ഡീസല് തണുത്ത് ഉറയുകയും വാഹനങ്ങള് തകരാറിലാകാന് കാരണമാകുകയും ചെയ്യുന്നു. ഇത് പരിഹരിക്കാനാണ് ഇത്തരം ഡീസല് കൊണ്ടുവരാന് സര്ക്കാര് തീരുമാനിച്ചത്.















