തിരുവനന്തപുരം: ഹണി ട്രാപ്പ് കേസുകളിൽ പ്രതിയായ അശ്വതി അച്ചു പിടിയിൽ. സ്വന്തം അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച സംഭവത്തിൽ ഒളിവിൽ കഴിയുകയായിരുന്ന അശ്വതിയെ തിരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്നാണ് ചടയമംഗലം പൊലീസ് പിടികൂടിയത്.
കൊല്ലം ആയൂർ ഇടമുളയ്ക്കൽ സ്വദേശിനിയായ രാധാമണിയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച സംഭവത്തിലാണ് അശ്വതിക്കും മകൾ അമൃതയ്ക്കുമെതിരെ കേസെടുത്തത്. സെപ്റ്റംബർ 26-നായിരുന്നു സംഭവം. സ്വത്തുതർക്കത്തെത്തുടർന്ന് വീട്ടിലുണ്ടായ തർക്കത്തിനിടെ രാധാമണിക്ക് മുഖത്തും കഴുത്തിലും പൊള്ളലേറ്റിരുന്നു.
സംഭവത്തിൽ അശ്വതിയുടെ മകൾ അമൃതയെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അമ്മയുടെ നിർദേശപ്രകാരമാണ് തിളച്ച വെള്ളം ഒഴിച്ചതെന്ന് അമൃത മൊഴി നൽകിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെ അശ്വതി ഒളിവിൽ പോയി. ദിവസങ്ങളായി അന്വേഷണം തുടരുന്നതിനിടെയാണ് ഇപ്പോൾ പിടിയിലായത്.
ഹണി ട്രാപ്പ് ഉൾപ്പെടെയുള്ള കേസുകളുമായി ബന്ധപ്പെട്ട് നേരത്തെയും അശ്വതി അച്ചു വാർത്തകളിൽ ഇടം നേടിയിരുന്നു. പുതിയ കേസിൽ തുടർനടപടികൾ പൊലീസ് സ്വീകരിച്ചുവരികയാണ്.















