ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം ജമ്മു കശ്മീരിന്റെ അതിര്‍ത്തി കാക്കാന്‍ സന്നദ്ധരായി മുന്നോട്ടുവന്നത് നൂറുകണക്കിന് സ്ത്രീകളെന്ന് റിപ്പോര്‍ട്ട്. അതിര്‍ത്തി രക്ഷാസേന ശനിയാഴ്ച സംഘടിപ്പിച്ച റിക്രൂട്ട്‌മെന്റ് ഡ്രൈവില്‍ നിരവധി സ്ത്രീകളാണ് പങ്കെടുത്തത്. പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം ജമ്മു കശ്മീരില്‍ നടന്ന ആദ്യത്തെ റിക്രൂട്ട്‌മെന്റ് ഡ്രൈവിലാണ് നൂറുകണക്കിന് സ്ത്രീകള്‍ പങ്കെടുത്തത്.
രക്ഷിതാക്കളുടെ പൂര്‍ണ്ണ സമ്മതത്തോടെയാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവില്‍ പങ്കെടുക്കാൻ എത്തിയതെന്ന് മത്സരാര്‍ത്ഥികള്‍ വ്യക്തമാക്കി. സേനയുടെ ഭാഗമാകുകയെന്നത് കുട്ടിക്കാലം മുതലുള്ള സ്വപ്‌നമാണെന്ന് മത്സരാര്‍ത്ഥികളില്‍ ഒരാള്‍ പറഞ്ഞു. രാജ്യസേവനമാണ് ലക്ഷ്യമെന്നും കായികക്ഷമത പരീക്ഷകളില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും മറ്റൊരാള്‍ പ്രതികരിച്ചു.
അതിര്‍ത്തി രക്ഷാസേനയുടെ ഭാഗമാകാന്‍ മത്സരാര്‍ത്ഥികള്‍ കായിക-ശാരീരികക്ഷമതാ പരീക്ഷകള്‍ പാസാകേണ്ടതുണ്ട്. നവംബര്‍ 16 മുതലാണ് കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ അതിര്‍ത്തി രക്ഷാസേന റിക്രൂട്ട്‌മെന്റ് ഡ്രൈവുകള്‍ ആരംഭിച്ചത്.















