കാലാവധി കഴിഞ്ഞ വിസയുമായി രണ്ട് ദിവസം ഇന്ത്യയില്‍ കഴിഞ്ഞ ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ തടഞ്ഞു. ബാക്ക്-അപ്പ് ഓപ്പണര്‍ സെയിഫ് ഹസനാണ് കാലാവധി കഴിഞ്ഞ വിസയുമായി കൊല്‍ക്കത്ത വിമാനത്താവളത്തില്‍ കുടുങ്ങിയത്. തുടര്‍ന്ന് 21,600 രൂപ ഈടാക്കിയതിനു ശേഷമാണ് അധികൃതര്‍ താരത്തെ പോകാന്‍ അനുവദിച്ചത്
ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പരയ്‌ക്ക് ശേഷം തിരികെ മടങ്ങുന്നതിനിടെയാണ് താരത്തിനെ വിമാനത്താവളത്തില്‍ അധികൃതര്‍ തടഞ്ഞത്. വിസയുടെ ആറു മാസ കാലാവധി കഴിഞ്ഞത് അറിയാതെയാണ് താരം യാത്ര ചെയ്തത്. വിമാനത്താവളത്തില്‍ നിന്ന് അധികൃതര്‍ പറഞ്ഞപ്പോഴാണ് ഹസന് ഇക്കാര്യം മനസിലായത്.
ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഇടപ്പെട്ടതോടെ ഹസന്റെ വിസയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചെന്ന് ബംഗ്ലാദേശ് ഹൈക്കമ്മീഷണര്‍ അറിയിച്ചു. ഹസന്റെ വിസയുടെ പ്രശ്നത്താല്‍ തിങ്കളാഴ്ച തിരികെ പോകേണ്ടിയിരുന്ന മറ്റ് താരങ്ങള്‍ക്ക് ഇന്ത്യയില്‍ താമസിക്കേണ്ടി വന്നതായും അദ്ദേഹം അറിയിച്ചു. ഹസന് ആറുമാസത്തേക്കുള്ള വിസയുള്ളതിനാല്‍ മറ്റ് അംഗങ്ങളുടെ വിസ മാത്രമാണ് പുതുക്കിയത്.















