ക്വാലാലംപൂര്‍: നിസ്ക്കാര സമയത്ത് പിക്നിക്കിന് പോയതിന്റെ പേരില്‍ പൗരന്മാരെ ജയിലിലടച്ച് മലേഷ്യ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് 6 പൗരന്മാരെ മലേഷ്യന്‍ ഭരണകൂടം ഇസ്ലാമിക നിയമപ്രകാരം ജയിലിലിട്ടത്. നിരവധി വിദേശപൗരന്മാര് ജീവിക്കുന്ന മലേഷ്യ ഇസ്ലാമിക മതമൗലികവാദത്തിന്റെ പിടിയിലാണെന്ന ചര്‍ച്ചകള്‍ മുറുകുന്നതിനിടെയാണ് പുതിയ സംഭവം നടന്നിരിക്കുന്നത്.
സാധാരണ നിലയില്‍ വെള്ളിയാഴ്ച നിസ്ക്കാരം എല്ലായിടത്തേയും പോലെ മലേഷ്യയിലും പാലിക്കപ്പെടുന്ന മതചടങ്ങാണ്. എന്നാല്‍ ആദ്യമായാണ് നിസ്ക്കരിക്കാത്തതിന്റെ പേരില്‍ ഇത്ര കടുത്ത ശിക്ഷ പൊതുവായി നല്‍കിയതെന്ന് മാധ്യമങ്ങള്‍ ആരോപിക്കുന്നു. 17നും 35നും ഇടയില്‍ പ്രായമുള്ളവരെയാണ് മതനിയമത്തിന്റെ പേരില്‍ ശിക്ഷിച്ചത്. ഇതുകൂടാതെ മലേഷ്യന്‍ തുകയായ 2500 റിങ്കറ്റും പിഴചുമത്തി. മലേഷ്യയിലെ ശരിഅത്ത് കോടതിയാണ് ശിക്ഷ വിധിച്ചത്.
പ്രതികള്‍ക്ക് ജാമ്യം ലഭിച്ചെങ്കിലും കുറ്റം ഗൗരവമായി തെളിയിക്കപ്പെട്ടാല്‍ രണ്ടുവര്‍ഷം വരെ കഠിനതടവ് കിട്ടാമെന്നും മലേഷ്യന്‍ മാധ്യമങ്ങള്‍ പറയുന്നു. എന്നാല്‍ ശിക്ഷ കടുത്തുപോയെന്ന് മലേഷ്യയിലെ അഭിഭാഷകരുടെ സംഘടന അഭിപ്രായ പ്രകടനം നടത്തിയിട്ടുണ്ട്. മൂന്നരക്കോടി ജനസംഖ്യയുള്ള മലേഷ്യയിലെ 2കോടിയോളം തദ്ദേശീയരായ മുസ്ലീം സമൂഹമാണ്. എന്നാല്‍ ഇന്ത്യക്കാരും ചൈനക്കാരുമടക്കം വലിയൊരുവിഭാഗമാണ് നിലവില്‍ മലേഷ്യയുടെ സമ്പദ്ഘടന നിയന്ത്രിക്കുന്നവര്‍. ഇവരിലെ മുസ്ലീംസമൂഹം ഇസ്ലാമിക നിയമങ്ങളെ കര്‍ശനമായി പാലിക്കുന്നവരല്ലെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. കടുത്ത നടപടികള്‍ അന്താരാഷ്ട്രതലത്തില്‍ മലേഷ്യയുടെ വിദേശനയങ്ങള്‍ക്കും മനുഷ്യാവകാശ നയങ്ങള്‍ക്കും മങ്ങലേല്‍പ്പിക്കുമെന്നും അഭിഭാഷകര്‍ സൂചിപ്പിച്ചു.