ന്യൂഡല്‍ഹി : ഇന്ത്യ-റഷ്യ സംയുക്ത സൈനികാഭ്യാസമായ ഇന്ദ്ര ഡിസംബര്‍ 10 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ നടക്കും. ഉത്തര്‍പ്രദേശിലെ ബാബിന, പുനെ,ഗോവ എന്നിവിടങ്ങളിലാണ് സൈനിക അഭ്യാസം നടക്കുക. 72 മണിക്കൂര്‍ നീണ്ട സൈനിക അഭ്യാസമാണ് നടക്കുക.
പത്ത് ദിവസം നീണ്ടു നില്ക്കുന്ന സൈനിക അഭ്യാസത്തില്‍ ഇരു രാജ്യങ്ങളുടേയും കര-നാവിക-വ്യോമ സേനകള്‍ അണി നിരക്കും. റഷ്യയുമായുള്ള പ്രതിരോധ രംഗത്തെ സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നാവികാഭ്യാസം സംഘടിപ്പിക്കുന്നത്. 2003-ലാണ് റഷ്യയും ഇന്ത്യയും ഒരുമിച്ച് സൈനികാഭ്യാസം ആരംഭിച്ചത്. 2017-ലാണ് കര-നാവിക-വ്യോമ സേനകള്‍ സംയുക്തമായി ചേര്‍ന്നുള്ള സൈനിക അഭ്യാസം ആരംഭിച്ചത്.
ടീം മെച്ചപ്പെടുത്തല്‍, റെയ്ഡുകള്‍ പോലുള്ള പ്രത്യേക ഓപ്പറേഷനുകള്‍, സ്ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യല്‍, നിര്‍വീര്യമാക്കല്‍, സമുദ്ര മേഖലകളില്‍ നേരിടുന്ന ഭീഷണികള്‍ പ്രതിരോധിക്കല്‍, ഭീകരാക്രമണത്തിനിടെ വീടുകളിലുള്ള ഇടപെടല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഇരു വിഭാഗങ്ങളിലെ സൈനികര്‍ക്ക് പരിശീലനം നല്‍കും. ആഗോളതലത്തില്‍ ഭീകരവാദത്തിന്റെ ഭീഷണി നിലനില്‍ക്കെ റഷ്യയും ഇന്ത്യയും നടത്തുന്ന സംയുക്താഭ്യാസം ലോകരാജ്യങ്ങളും ഏറെ ശ്രദ്ധയോടെയാണ് കാണുന്നത്.