വാഷിംഗ്ടണ്‍: ആരുമില്ലാതിരുന്ന മൈക്കിളെന്ന ആണ്‍കുട്ടിയുടെ ദത്തെടുക്കല്‍ ചടങ്ങും കോടതിമുറിയിലെത്തിയ സഹപാഠികളുമാണ് അമേരിക്കയില്‍ ചര്‍ച്ചയായത്. സംഭവം അമേരിക്കയിലെ മിച്ചിഗണില്‍. കിന്റര്‍ഗാര്‍ഡനില്‍ പഠിക്കുന്ന കറുത്തവംശജനായ മൈക്കിള്‍ ക്ലാക്ക് ജൂനിയര്‍ എന്ന ബാലനാണ് കൂളായ തന്റെ ശൈലികൊണ്ട് കോടതിയെ വരെ അമ്പരപ്പിച്ചത്.
നിയമപരമായി ദത്തെടുക്കല്‍ ചടങ്ങിനാണ് യുഎസിലെ ആന്‍ഡ്രിയയും ഡേവും മിച്ചിഗണിലെ കെന്റ് കൗണ്ടി കോടതി മുറിയിലെത്തിയത്. ഒരു ക്ലാസ്സ് മുഴുവന്‍ നിരന്നുനിന്നാണ് മൈക്കിളെന്ന കുരുന്നിനെ കോടതിക്ക് മുമ്പാകെ പുതിയ അച്ഛനും അമ്മക്കുമായി സമര്‍പ്പിച്ചത്.
കോടതിമുറിയില്‍ ഒരു പൂന്തോട്ടത്തിലെ പൂക്കള്‍പോലെ പ്രീയപ്പെട്ട കൊച്ചുകൂട്ടുകാരന് മൈക്കിളിന്റെ സന്തോഷത്തില്‍ പങ്കുചേരാന്‍ ഒരു ക്ലാസ്സിലെ മുഴുവന്‍ കൂട്ടുകാരും ഹൃദയരൂപങ്ങള്‍ കാര്‍ഡ് രൂപത്തിലാക്കി ചിരിച്ചു നില്‍ക്കുകയായിരുന്നു.
തന്റെ പുതിയ അച്ഛന്റെയും അമ്മയുടേയും അരികില്‍ വളരെ കൂളായി ഇരിക്കുന്ന മൈക്കിളും കോടതിയിലെത്തിയ കുട്ടിക്കൂട്ടവും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നേരിട്ട് കോടതി തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റ് വഴി സംഭവം ചിത്രസഹിതം പുറത്തുവിട്ടത്. ചിത്രത്തില്‍ കോടതിയില്‍ ന്യായാധിപന്മാര്ക്കിടയില് തീരുമാനം എടുക്കുന്ന നിമിഷത്തില്‍ കൂളായി നില്ക്കുന്ന കുസൃതിയായ മൈക്കിളിന്റെ ചിത്രം ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു.